ദുബൈ: ഇന്ത്യയിലെ യു.എ.ഇ എംബസിയുടെ പേരിൽ പ്രത്യക്ഷപ്പെടുന്ന സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കരുതെന്ന് അധികൃതർ. എംബസിയുമായി ബന്ധപ്പെടാനും വിവരങ്ങളറിയാനുള്ളവർ mofaic.gov.ae/en/missions/new-delhi എന്ന ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കണമെന്നാണ് ട്വിറ്റർ വഴി ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വെബ്സൈറ്റുകളുടെ കെണിയിൽ പെടുന്നതിന് എംബസി ഉത്തരവാദിയായിരിക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.
ജൂലൈയിൽ യാത്രവിലക്ക് മൂലം നാട്ടിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളിൽ നിന്ന് വയാജ വെബ്സൈറ്റ് വഴി പണം തട്ടാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ യു.എ.ഇ എംബസിയുടെ വെബ്സൈറ്റ് എന്ന് തോന്നിക്കുന്ന uaeembassy.in എന്ന സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു.
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് യു.എ.ഇയിൽ പ്രവാസിയായ മുൻ മന്ത്രി എ.കെ. ബാലെൻറ മരുമകൾ നമിതയാണ് പരാതി നൽകിയിരുന്നത്. നമിതയുടെ വിസ അവസാനിക്കാറായ സാഹചര്യത്തിൽ യാത്രാനുമതി ലഭിക്കുമോ എന്നതുൾപ്പെടെ കാര്യങ്ങൾ അറിയാനാണ് വെബ്സൈറ്റ് പരിശോധിച്ചത്. uaeembassy.in എന്ന വ്യാജ വെബ്സൈറ്റിലെ മെയിൽ വഴിയാണ് വിശദാംശങ്ങൾ തേടിയത്.
തുടർന്ന് ഫോൺവഴി ബന്ധപ്പെട്ടയാൾ ഡൽഹിയിലുള്ള ഒരാളുടെ നമ്പർ നൽകി. ഇൗ നമ്പറിൽനിന്ന് വാട്സ്ആപ് വഴിയാണ് നമിതയെ ബന്ധപ്പെട്ട് യാത്രാനുമതിക്ക് രേഖകളും പണവും ചോദിച്ചത്. ഇതോടെ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ നാട്ടിൽ പരാതി നൽകി. തുടർന്ന് പാലക്കാട് സൈബർ സെൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയാവുന്നത് ഒഴിവാക്കാനാണ് എംബസി ഔദ്യോഗികമായ അറിയിപ്പ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.