ദുബൈ: ആരോഗ്യമേഖലയിൽ യു.എ.ഇ ലോകത്തിന് മാതൃകയാണെന്ന് ബ്രസീലിെൻറ റയൽമഡ്രിഡ് ഫുട്ബാൾ താരം മാഴ്സലോ. ദുബൈയിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
സ്പോർട്സ് മെഡിസിൻ രംഗത്ത് യു.എ.ഇയിലെ സൗകര്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചതാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് മെഡിസിൻ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. മെഡിക്കൽ ടൂറിസം രംഗത്ത് യു.എ.ഇ പ്രതീക്ഷിക്കുന്നത് വലിയ മുന്നേറ്റമാണ്. വാക്സിൻ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. കഴിഞ്ഞവർഷങ്ങളിൽ യു.എ.ഇ ആരോഗ്യരംഗത്ത് കൈവരിച്ച പുരോഗതി അവിശ്വസനീയമാണ്. മെഡിക്കൽ ടൂറിസത്തിൽ, പ്രത്യേകിച്ച് സ്പോർട്സ് മെഡിസിനിൽ രാജ്യത്തിന് വളരെയധികം സാധ്യതകളുണ്ട്.
വിവിധ അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ആകർഷണ കേന്ദ്രമാകാൻ യു.എ.ഇക്ക് കഴിഞ്ഞു. മഹാമാരിക്കിടെ സുരക്ഷിതമായി കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിലെ ബുർജീൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ്ഡ് സർജറിയിലെത്തിയ മാഴ്സലോ സ്പോർട്സ് മെഡിസിൻ വിഭാഗത്തിലെ വിദഗ്ധരുമായി ചർച്ച നടത്തി. വിവിധ ഡിപ്പാർട്ട്മെൻറുകളും ജിംനേഷ്യവും സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് മുന്നണിപ്പോരാളികളുമായി ആശയവിനിമയം നടത്തിയ മാഴ്സലോ മഹാമാരി തടയാൻ അവർ നടത്തുന്ന വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
യു.എ.ഇയിലെ സ്പോർട്സ് മെഡിസിൻ പുരോഗതിയെക്കുറിച്ച് മാഴ്സലോയുമായി ചർച്ച ചെയ്തതായി വി.പി.എസ് ഹെൽത്ത്കെയർ സി.ഇ.ഒ (ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.