ദുബൈ: ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വൈജ്ഞാനിക കൈമാറ്റം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിന് യു.എ.ഇ ബഹിരാകാശ ഏജൻസിയും ഇസ്രായേൽ ബഹിരാകാശ ഏജൻസിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. യു.എ.ഇ അഡ്വാൻസ്ഡ് ടെക്നോളജി കാര്യ സഹമന്ത്രിയും ബഹിരാകാശ ഏജൻസി അധ്യക്ഷയുമായ സാറ ബിൻത് യൂസുഫ് അൽ അമീരിയും ഇസ്രായേൽ ഇന്നവേഷൻ, സയൻസ്, ടെക്നോളജി മന്ത്രി ഓറിത് ഫർകാഷും തമ്മിലാണ് സുപ്രധാനമായ കരാറിൽ ഒപ്പുവെച്ചത്. എക്സ്പോ 2020 ദുബൈയിലെ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്. അറിവും വൈദഗ്ധ്യവും പങ്കിടുന്നത് ദേശീയ ബഹിരാകാശ വ്യവസായം വളർത്തുന്നതിനുള്ള യു.എ.ഇയുടെ കാഴ്ചപ്പാടിനനുസരിച്ചാണെന്നും ചരിത്രത്തിലെ ഏറ്റവും വിജയകരമായ ആഗോള ബഹിരാകാശ പദ്ധതികളുടെ പൊതുവായ സവിശേഷത സഹകരണമാണെന്നും സാറാ അൽ അമീരി പ്രസ്താവിച്ചു.
ഇസ്രായേലിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ വ്യവസായമുണ്ടെന്നും അതുമായി സഹകരിക്കുന്നത് ഗുണകരമാണെന്നും അവർ പറഞ്ഞു. ഗവേഷണം, ബഹിരാകാശം, ശാസ്ത്രം എന്നീ മേഖലകളിൽ അന്താരാഷ്ട്ര നേതൃത്വം അലങ്കരിക്കുന്ന രാജ്യമാണ് ഇസ്രായേലെന്നും അതിനാൽ യു.എ.ഇ ബഹിരാകാശ ഏജൻസിയുമായി സഹകരിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പിടുന്നതിൽ സന്തോഷമുണ്ടെന്നും ഇസ്രായേൽ മന്ത്രി ഓരിത് ഫർകാഷ് പറഞ്ഞു. ശാസ്ത്രീയ ബഹിരാകാശ ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും പരസ്പര സഹകരണം രൂപപ്പെടുത്തുന്നതാണ് കരാർ. ഇരുരാജ്യങ്ങളും ലഭിക്കുന്ന വിവരങ്ങൾ പരസ്പരം കൈമാറുകയും ഉന്നത ഗവേഷണത്തിന് ഉപയോഗിക്കുകയും ചെയ്യും. ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ യോജിച്ച പഠനപദ്ധതികൾ ആവിഷ്കരിക്കാനും കരാറിൽ ധാരണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.