ദുബൈ: സൈനികരുടെ സ്ഥാനക്കയറ്റം, വിരമിക്കൽ എന്നിവയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അടങ്ങിയ പുതിയ നിയമത്തിന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകാരം നൽകി. എമിറേറ്റിൽ സൈനികരുടെ സ്ഥാനക്കയറ്റങ്ങൾ സുതാര്യവും ന്യായവും മെറിറ്റ് അടിസ്ഥാനത്തിലുമാണെന്ന് ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം. സ്ഥാനക്കയറ്റങ്ങൾക്കും ഉയർന്ന റാങ്കുകളിലേക്കും യോഗ്യത നേടുന്നതിന് സൈനികർ പൂർത്തിയാക്കേണ്ട പ്രോഗ്രാമുകൾ, കോഴ്സുകൾ എന്നിവയുടെ വിശദ വിവരങ്ങളാണ് പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നത്.
എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണ്. എല്ലാ സൈനികകേന്ദ്രങ്ങളിലും ‘പ്രമോഷൻ ആൻഡ് റിട്ടയർമെന്റ്’ കമ്മിറ്റി രൂപവത്കരിക്കണം. അതത് കേന്ദ്രങ്ങളുടെ തലവൻ പുറപ്പെടുവിച്ച തീരുമാനത്തിലൂടെയാണ് ഇത് രൂപവത്കരിക്കേണ്ടത്. സൈനികരുടെ റിട്ടയർമെന്റിനെ നിയന്ത്രിക്കുന്ന വ്യവസ്ഥകളും റിട്ടയർമെന്റ് നീട്ടിവെക്കുന്നതുൾപ്പെടെയുള്ള വിജ്ഞാപന നടപടിക്രമങ്ങളും ഇതിൽ വിവരിക്കും. പുതിയ നിയമപ്രകാരം വിരമിക്കൽ തീയതിയുടെ ആറു മാസം മുമ്പെങ്കിലും വിവരം സൈനികനെ അറിയിക്കുന്നതിന് വകുപ്പിന് അധികാരം നൽകുന്നു. ഇത് സൈനികന് അടുത്ത ഘട്ടത്തെ കുറിച്ച് ആസൂത്രണം ചെയ്യുന്നതിന് മതിയായ സമയം ലഭിക്കാൻ സഹായിക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനത്തിന്റെ മാനദണ്ഡവും പുതിയ നിയമം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.