ദുബൈ: 2030ഓടെ യു.എ.ഇയിലെ ആരോഗ്യ മേഖലയിൽ 33,000 തൊഴിലവസരം കൂടി സൃഷ്ടിക്കപ്പെടും. കോളിയേഴ്സ് ഹെൽത്ത്കെയർ ആൻഡ് എജുക്കേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വർധിച്ച് വരുന്ന ജനസംഖ്യ, മെഡിക്കൽ ടൂറിസം, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയവ ആരോഗ്യപ്രവർത്തകരുടെ ആവശ്യകത വർധിപ്പിക്കുന്നു.
അബൂദബിയിൽ മാത്രം 11,000 നഴ്സുമാരുടെയും 5000 പ്രഫഷനലുകളുടെയും ആവശ്യം വരും. ദുബൈയിൽ 6000 ഫിസിഷ്യൻമാരുടെയും 11,000 നഴ്സുമാരുടെയും ആവശ്യമുണ്ടാകുമെന്നാണ് കരുതുന്നത്. കോവിഡിന് ശേഷം ഗൾഫ് മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ ആവശ്യകത വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ആവശ്യകതയുയരുന്നത് നഴ്സുമാർക്കാണ്.
ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവും ആരോഗ്യ ജീവനക്കാരുടെ ഡിമാൻഡ് വർധിക്കാൻ കാരണമായി. നിർമിതബുദ്ധി, റോബോട്ടിക്സ്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയവ വ്യാപകമാകുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ ആരോഗ്യജീവനക്കാർ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യു.എ.ഇയിലെ 157 ആശുപത്രികളിൽ 104 എണ്ണവും സ്വകാര്യ മേഖലയിലാണ്. ആശുപത്രികളിൽ ആകെയുള്ള 18,000 ബെഡുകളിൽ 8356 എണ്ണവും സ്വകാര്യ ആശുപത്രിയിലാണ്.
26,736 ഫിസിഷ്യൻമാരാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 10,376 പേർ ദുബൈയിലും 10141 പേർ അബൂദബിയിലും 5358 പേർ വടക്കൻ എമിറേറ്റുകളിലുമാണ് ജോലിചെയ്യുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളെ അപേക്ഷിച്ച് നഴ്സുമാരുടെ എണ്ണത്തിൽ യു.എ.ഇ മുന്നിലുണ്ട്. ദുബൈയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രിക്സ്, അനസ്തറ്റിസ്റ്റ്, കാർഡിയോളജി, നെഫ്രോളജി തുടങ്ങിയ ഡോക്ടർമാരെയാണ് കൂടുതൽ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.