ദുബൈ: കൊറോണ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ യാത്രാവിലക്കുമൂലം യു.എ.ഇയിൽ കുടുങ്ങിപ്പോയ പ്രവാസികൾക്കായി യു.എ.ഇ കെ.എം.സി.സി ഏർപ്പെടുത്തിയ ചാർട്ടഡ് വിമാനങ്ങൾ ജൂൺ രണ്ട് മുതൽ പറന്നു തുടങ്ങും. ജൂൺ രണ്ടിന് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂൺ മൂന്നിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങളാണ് സർവീസ് നടത്തുക. രണ്ടു വിമാനങ്ങളും രാവിലെ 5 മണിക്കാണ് റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുക. ജൂൺ ഒന്നിന് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി യുടെയും ജൂൺ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങളാണ് സർവീസ് നടത്തുക.
റാസൽഖൈമയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് സർവീസ്. സ്പൈസ്ജെറ്റ് കമ്പനിയുടെ വിമാനത്തിൽ 1250 ദിർഹം ഇൗടാക്കിയാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബൈ,ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രത്യേക ബസുകളിൽ റാസൽഖൈമയിൽ എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്കു പുറപ്പെടും. കൂടുതൽ സർവീസ് ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ജന:സെക്രട്ടറി നിസാർ തളങ്കര ചാർട്ടഡ് ഫ്ലൈറ്റ് കോ-ഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.
ആദ്യ ടിക്കറ്റ് യു.എ.ഇ കെ.എം.സി.സി രക്ഷാധികാരി എ.പി ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് കബീർ ചെന്നക്കര, ജനറൽ സെക്രട്ടറി ചാക്കിനത് ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കെ.എം.സി.സി രക്ഷാധികാരി എ.പി ശംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, പ്രസിഡൻ്റ് ഡോ.പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ ചേലാട്ട് എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടഡ് ഫ്ലൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.യുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായതെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.