റാസൽഖൈമ: കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളിൽ ഏറ്റവും അർഹരായ175 യാത്രക്കാർക്കായി യു.എ.ഇ കെ.എം.സി.സിയും ലുലു ഗ്രൂപ്പും ചേർന്ന് ഫ്ലൈവിത്ത് ഹോണർ പദ്ധതി പ്രകാരം സൗജന്യമായി ചാർട്ടർ ചെയ്ത വിമാനം റാസൽഖൈമയിൽ നിന്ന് പറന്നു.
കോവിഡ് കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടും മറ്റും പ്രതിസന്ധിയിലായ പ്രവാസികളിൽ പലർക്കും നാട്ടിലേക്കുള്ള യാത്രക്ക് മടങ്ങാനുള്ള ടിക്കറ്റ്തുക പോലും ഇല്ലെന്ന് കണ്ടാണ് യു.എ.ഇ കെ.എം.സി.സി സൗജന്യ യാത്രാപദ്ധതി പ്രഖ്യാപിച്ചത്. ഉദ്യമത്തെക്കുറിച്ചറിഞ്ഞു സഹായിക്കാൻ തയ്യാറായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി മുന്നോട്ടു വന്നതോടെ പദ്ധതി എളുപ്പത്തിൽ സാധ്യമാക്കാൻ കഴിഞ്ഞതായി യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ പറഞ്ഞു.
ജോലി നഷ്ടപ്പെട്ടവർ,1200 ദിർഹമിൽ കുറഞ്ഞ വേതനത്തിനു ജോലി ചെയ്തിരുന്നവർ, ഗാർഹിക വിസയിൽ വന്നു ജോലി നഷ്ടപ്പെട്ടവർ, വിസിറ്റിംഗ് വിസയിൽ ജോലി തേടി വന്ന് കുടുങ്ങിയവർ എന്നിവരെയാണ് പരിഗണിച്ചത്.
യു.എ.ഇ കെ.എം.സി.സിയുടെ ഫ്ലൈ വിത്ത് ഹോണർ ദൗത്യം ആവശ്യമാണെങ്കിൽ തുടരുമെന്നും അതിനായി വിവിധ എമിറേറ്റുകളിലെ കെ.എം.സി.സി പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും നാഷണൽ കമ്മിറ്റി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.