ദുബൈ: ലോകകപ്പ് ഫുട്ബാളിൽ ഫ്രഞ്ച് പടയോട് പൊരുതിവീണ മൊറോക്കൻ ടീമിന് അഭിനന്ദനവുമായി ദുബൈ ഭരണാധികാരികൾ. ഈ ടീമിന്റെ പ്രകടനത്തിലും ധീരതയിലും സ്പിരിറ്റിലുമെല്ലാം അഭിമാനമുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തു. ലോകമാമാങ്കത്തിൽ അറബ് ജനതയുടെ തലയുയർത്തിപ്പിടിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു. അറ്റ്ലസ് ലയൺസിന് നന്ദി അറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
അസാധാരണ പ്രകടനത്തിലൂടെ അറബ് ജനതയുടെ അഭിമാനമാകാൻ മൊറോക്കോക്ക് കഴിഞ്ഞതായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വീറ്റ് ചെയ്തു. മൊറോക്കൻ താരങ്ങൾക്ക് നന്ദി. നിശ്ചയദാർഢ്യവും അഭിലാഷവും ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് അറിയാവുന്ന അറബ് ജനതക്ക് നിങ്ങൾ അഭിമാനമാണ്. എല്ലായിടത്തും അറബ് യുവാക്കൾക്ക് നല്ലത് സംഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും ഹംദാൻ പറഞ്ഞു. മൊറോക്കൻ ടീമിന്റെ ഓരോ മത്സര വിജയത്തിനും ശൈഖ് മുഹമ്മദും ശൈഖ് ഹംദാനും ആശംസയും അഭിനന്ദനവും അറിയിച്ചിരുന്നു. വിജയങ്ങളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.