ദുബൈ: സാമ്പത്തിക രംഗത്ത് അതിവേഗം വളരുന്ന യു.എ.ഇയുടെ മുന്നേറ്റത്തെ അടയാളപ്പെടുത്തി അറബ് മോണിറ്ററി ഫണ്ടി(എ.എം.എഫ്)ന്റെ സാമ്പത്തിക മൽസരക്ഷമത സൂചിക റിപ്പോർട്ട്. അറബ് മേഖലയിൽ സാമ്പത്തിക രംഗത്ത് ഏറ്റവും മൽസരക്ഷമതാ കാണിക്കുന്ന രാജ്യമെന്ന പദവിയാണ് സൂചികയിൽ യു.എ.ഇ നേടിയിട്ടുള്ളത്. അതിവേഗം വളരുന്ന അറബ് മേഖലയിലെ വിവിധ സമ്പദ്വ്യവസ്ഥകൾക്കിടയിൽ യു.എ.ഇയുടെ നേട്ടം വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ബിസിനസിനും വാണിജ്യ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന രാജ്യത്തിന്റെ നിലപാടാണ് സാമ്പത്തിക മൽസരക്ഷമതയിൽ രാജ്യത്തെ മുന്നിൽ നിലനിർത്താൻ സഹായിച്ചിട്ടുള്ളത്.
എ.എം.എഫിന്റെ സാമ്പത്തിക മൽസരക്ഷമതാ സൂചിക റിപ്പോർട്ടിന്റെ ഏഴാമത് എഡിഷനാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പ്രധാന ബിസിനസ് മേഖലകളിലുടനീളം യു.എ.ഇയുടെ തുടർച്ചയായ വളർച്ചയും ആകർഷകമായ നിക്ഷേപ സാഹചര്യവും പരിഗണിച്ചാണ് പ്രധാനമായും സൂചികയിൽ രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. സർക്കാർ ധനകാര്യ സൂചികയിൽ ഒന്നാം സ്ഥാനത്തും നികുതിഭാര സൂചികയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മി/മിച്ചം, ജി.ഡി.പി അനുപാതത്തിലും മുൻനിരയിലാണ് രാജ്യമുള്ളത്. നിക്ഷേപ അന്തരീക്ഷത്തിലും ആകർഷണീയതയിലും യു.എ.ഇ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റിപ്പോർട്ടിൽ പരാമർശിച്ച എല്ലാ ഉപ സൂചികകളിലും ഉയർന്ന നില തുടരാനായത് വഴി സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഒന്നാം സ്ഥാനത്തെത്തി.
മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷനിലും വൈദ്യുതി ലഭ്യതയുള്ള ജനസംഖ്യയുടെ ശതമാനത്തിലും മുൻനിരയിലെത്തിയതിലൂടെ യു.എ.ഇ, അടിസ്ഥാന സൗകര്യ സൂചികയിലും ഒന്നാമതെത്തിയിട്ടുണ്ട്. അതേസമയം മൊത്തം ആഗോള തലത്തിലേക്കുള്ള വിമാന ഗതാഗതത്തിന്റെയും ഷിപ്പിങിന്റെയും വിഹിതത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്. സ്ഥാപനപരവും സദ്ഭരണപരവുമായ മേഖലകളുടെ കാര്യത്തിലും അറബ് രാജ്യങ്ങൾക്കിടയിൽ റിപ്പോർട്ട് പ്രകാരം യു.എ.ഇ മുന്നിലാണ്.
ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ഉൽപന്നങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉൽപാദന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി മിക്ക അറബ് രാജ്യങ്ങളും വിവിധ ദേശീയ നയങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറബ് മോണിറ്ററി ഫണ്ട് റിപ്പോർട്ട് എടുത്തുകാണിക്കുന്നുണ്ട്. അറബ് രാജ്യങ്ങൾ തങ്ങളുടെ മത്സരക്ഷമതയെ തടസ്സപ്പെടുത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സേവന മേഖലകൾ വികസിപ്പിക്കാനും ബിസിനസ് അന്തരീക്ഷം സുഗമമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ട് വിവരിക്കുന്നുണ്ട്.
അറബ് രാജ്യങ്ങൾ വിദ്യാഭ്യാസത്തിലും തൊഴിൽ പരിശീലനത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉൽപാദന മേഖലകളിലും സേവന വ്യവസായങ്ങളിലും അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാമ്പത്തിക മത്സരശേഷിയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നത് അറബ് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.