ദുബൈ: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ‘കോപ്-28’ മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും ഉച്ചകോടിയുടെ നിയുക്ത പ്രസിഡന്റുമായ ഡോ. സുൽത്താൻ അൽ ജാബിർ ബ്രിട്ടനിലെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ കാലാവസ്ഥ വ്യതിയാന പ്രത്യേക ദൂതനുംകൂടിയായ മന്ത്രി, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള രാജ്യത്തിന്റെ വിവിധ പദ്ധതികളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. ലണ്ടനിലെ ബക്കിങ്ഹാം പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു. ലോക നേതാക്കൾ പങ്കെടുക്കുന്ന യു.എൻ ആഗോള കാലാവസ്ഥ ഉച്ചകോടിയായ ‘കോപ്-28’ ഈ വർഷം നവംബറിൽ ദുബൈയിലാണ് നടക്കുന്നത്.
പരിസ്ഥിതി പ്രവർത്തനത്തിന് പ്രചോദനം നൽകുന്ന വ്യക്തിത്വമാണ് രാജാവെന്ന് വിശേഷിപ്പിച്ച അൽ ജാബിർ, വിവിധ മേഖലകളിൽ സഹകരിക്കുമെന്ന് ട്വീറ്റിൽ പറഞ്ഞു.
കാലാവസ്ഥയുടെയും പ്രകൃതിയുടെയും കാര്യത്തിൽ പരിഹാരങ്ങൾ കണ്ടെത്താനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ചാൾസ് രാജാവുമായും അദ്ദേഹത്തിന്റെ സംവിധാനങ്ങളും ലോകവുമായും സഹകരിച്ച് നീങ്ങും. കാലാവസ്ഥാ ആഘാതങ്ങൾ ഏറ്റവുമധികം ബാധിക്കുന്നവരെ പിന്തുണക്കുന്നതിനുമായി മേഖലകളിലുടനീളം ശക്തമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
കോപ്-28 വഴി യു.എ.ഇ ലക്ഷ്യംവെക്കുന്ന മാറ്റങ്ങളും പരിപാടിയുടെ വിശദാംശങ്ങളും കൂടിക്കാഴ്ചയിൽ ചാൾസ് രാജാവുമായി അൽ ജാബിർ പങ്കുവെച്ചു. പരിസ്ഥിതി വിഷയങ്ങളിൽ ദീർഘകാലമായി കാമ്പയിൻ സംഘടിപ്പിക്കുന്ന ചാൾസ് രാജാവ് നേരത്തേ മുതൽ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.