റാസല്‍ഖൈമ: അടുത്തയാഴ്ചയോടെ രാജ്യത്ത് ശൈത്യകാലം കനക്കുമെന്ന അറിയിപ്പിനിടെ യു.എ.ഇയിലെ പര്‍വതനിരകളില്‍ താപനില കുത്തനെ കുറഞ്ഞു. 8.38 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് താഴ്ന്ന് 6.6 ഡിഗ്രി സെല്‍ഷ്യസാണ് ശനിയാഴ്ച രാവിലെ റാക് ജബല്‍ ജെയ്സില്‍ അനുഭവപ്പെട്ട താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റക്ന, മെബ്ര, അല്‍ റഹ്ബ, ദംത്ത തുടങ്ങിയ മലനിരകളില്‍ യഥാക്രമം 7.3, 8.9, 9.2,10.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
തണുപ്പാസ്വദിക്കുന്നതിന് വിവിധ എമിറേറ്റുകളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ എത്താറുണ്ടെങ്കിലും റാസല്‍ഖൈമയിലെ ജെയ്സ് മലനിരയാണ് ശൈത്യകാലത്ത് യു.എ.ഇയിലെ താരം. തദ്ദേശീയരും വിദേശികളും ടെന്റുകള്‍ ഒരുക്കി ഭക്ഷണം പാചകം ചെയ്ത് പുലരുംവരെ സമയം ചെലവഴിച്ചാണ് ജെയ്സ് മലയിറങ്ങുന്നത്. സാഹസിക സഞ്ചാരികളുടെ വിനോദകേന്ദ്രമായിരുന്ന ജെയ്സ് മലനിരയിലേക്ക് റോഡ് നിര്‍മിച്ചതോടെയാണ് സാധാരണക്കാരുടെയും ഉല്ലാസകേന്ദ്രമായി ജബല്‍ ജെയ്സ് മാറിയത്. നിരവധി ഹെയര്‍പിന്‍ വളവുകളുള്ള പാത നിര്‍മാണം പൂര്‍ത്തിയായതോടെ റാക് ജബല്‍ ജൈസിലേക്ക് സന്ദർശകരുടെ ഒഴിക്കേറി. യു.എ.ഇയുടെ പൂന്തോട്ട നഗരിയായ അല്‍ ഐനിലെ ജബല്‍ ഹഫീത്തിന് സമുദ്ര നിരപ്പില്‍നിന്ന് 1,249 മീറ്റര്‍ ഉയരമാണുള്ളത്. 1,737-1,900 മീറ്റര്‍ ഉയരത്തിലാണ് റാസല്‍ഖൈമയിലെ ജബല്‍ ജൈസ്. അല്‍ ഐനിലെ ഗ്രീന്‍ മുബശ്ശറയില്നിന്ന് 11.7 കിലോമീറ്റര്‍ മാത്രമാണ് ജബല്‍ ഹഫീത്ത് പര്‍വതമുകളിലേക്കുള്ള പാത. റാക് അല്‍ ബറൈറാത്തില്നിന്ന് 40 കിലോമീറ്ററാണ് ജബല്‍ ജൈസിലേക്കുള്ള ദൂരം.
ഇത്തവണത്തെ ശൈത്യകാലത്ത് ജബല്‍ ജെയ്സ് മഞ്ഞണിയുമോയെന്ന ജിജ്ഞാസയിലാണ് സന്ദര്‍ശകര്‍. 2004ലാണ് ആദ്യമായി പൂര്‍ണമായും മഞ്ഞണിഞ്ഞ വാര്‍ത്ത ജബല്‍ ജെയ്സില്നിന്നെത്തിയത്. 2009ലും 2012ലും 217ലും 2020ലും മഞ്ഞുവീഴ്ച വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.