ഷാർജ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് ഷാർജ പട്ടണത്തിലും ഉപനഗരങ്ങളിലും വ്യത്യസ്ത പരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. സംഗീതശിൽപങ്ങളും ക്ലാസിക് കാർ പരേഡ്, വെടിക്കെട്ട്, ഘോഷയാത്ര തുടങ്ങി നിരവധി പരിപാടികളാണ് നടക്കുന്നത്. കൽബ, അൽ ബതാഈ, വാദി അൽ ഹെലോ എന്നിവിടങ്ങളിൽ, 26, 28, 29 തീയതികളിൽ പ്രാദേശിക പരിപാടികൾക്കൊപ്പം വെടിക്കെട്ടുകളും പരേഡുകളും ഷോകളും സംഘടിപ്പിക്കുമെന്ന് നാഷനൽ ഡേ സെലിബ്രേഷൻ കമ്മിറ്റി പറഞ്ഞു.
കൽബ വെടിക്കെട്ട്
നവംബർ 26ന് വെള്ളിയാഴ്ച കൽബയിലെ പ്രകൃതി മനോഹാരിതയിൽ നിന്ന് കരിമരുന്നുകൾ അന്തരീക്ഷത്തിലേക്കുയർന്ന് ചതുർവർണ പതാക വരക്കും. വൈകീട്ട് നാലിന് ദേശീയ ഓപ്പറ അരങ്ങേറുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ക്ലാസിക് കാർ, ബൈക്ക് പരേഡ് നഗരത്തിലുടനീളമുള്ള വാഹനപ്രേമികളെ രസിപ്പിക്കും. നിരവധി നാടോടി പരിപാടികളും പ്രശസ്ത സ്വദേശി ഗായകൻ ഫൈസൽ അൽ ജാസിമിെൻറ സംഗീതക്കച്ചേരിയും അരങ്ങേറും.
അൽ ബതാഈയിൽ
28ന് അൽ ബതയ്ഹ് 50ാം വാർഷിക പരേഡിന് പുറമേ, രാവിലെ ഒമ്പതുമുതൽ 11 വരെ പരമ്പരാഗത കലാപരിപാടികൾ നടക്കും. യു.എ.ഇയുടെ സമ്പന്നമായ ഇന്നലെകളെ കുറിച്ച് പ്രതിപാദിക്കുന്ന പുരാവസ്തുക്കളുടെ പ്രദർശനം രാജ്യചരിത്രത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും.
വാദി അൽ ഹെലോയിൽ
29ന് വൈകീട്ട് നാലു മുതൽ അഞ്ചു വരെ ജനപ്രിയ ദിബ്ബ അൽ ഹർബിയ ബാൻഡിെൻറ പ്രകടനത്തോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. യു.എ.ഇയുടെ ദേശീയ പൈതൃകത്തിൽ, ഫാൽക്കൻ പക്ഷികളുടെ പ്രാധാന്യം വിവരിക്കുന്ന ശിൽപശാലകൾ നടക്കും. സന്ദർശകർക്ക് വിദഗ്ധരിൽ നിന്ന് ഫാൽക്കനെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ നേടാനും വേട്ടയാടലിൽ സ്വദേശികൾ ഉപയോഗിക്കുന്ന ഫാൽക്കനുകളെ കാണാനും അവസരം ലഭിക്കും. ഖോർഫക്കാൻ, അൽ മദാം, ദിബ്ബ അൽ ഹിസ്ൻ, അൽ ഹംറിയ, കൽബ, അൽ ദൈദ് എന്നിവയുൾപ്പെടെ ഷാർജ എമിറേറ്റിലെ എല്ലാ നഗരങ്ങളിലും മറ്റിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ ദേശീയദിനത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.