ദുബൈ: ഹൃദയാഘാതംമൂലം മരിച്ച മലയാളി ജീവനക്കാരന്റെ മൃതദേഹം മണിക്കൂറുകൾക്കുള്ളിൽ നാട്ടിലേക്കയക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈ ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ) എമിറേറ്റ്സ് എയർലൈനും. കഴിഞ്ഞ ദിവസം മരിച്ച ആർ.ടി.എ ബസ് ഡ്രൈവർ മലപ്പുറം വടക്കുമുറി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫയുടെ (55) മൃതദേഹമാണ് 10 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. രാവിലെ 10ന് മരിച്ച ഹനീഫയുടെ മൃതദേഹം അന്ന് രാത്രിതന്നെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞു. മാധ്യമപ്രവർത്തകൻ കെ.ടി. അബ്ദുറബ്ബാണ് ഈ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
15 വർഷമായി ആർ.ടി.എയിലെ ജീവനക്കാരനായിരുന്നു ഹനീഫ. പിതാവിന്റെ മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കണമെന്ന് മകൻ ദിൽകാഷ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ആർ.ടി.എ ഡ്രൈവർ അഫയേഴ്സ് വിഭാഗത്തിലെ ശൈഖ് റുമാനും മാജിദ് മുഹമ്മദും മുന്നിട്ടിറങ്ങിയാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ദിൽകാഷിനെ ആർ.ടി.എ അധികൃതർ ഫോണിൽ വിളിച്ച് സമാധാനിപ്പിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മരണം നടന്നത് മുതൽ മൃതദേഹം അയക്കുന്നതുവരെ ഒപ്പമുണ്ടായിരുന്ന ഇവർ രേഖകൾ ശരിയാക്കുന്നതിന് നേരിട്ട് ഇടപെട്ടതോടെ നടപടിക്രമങ്ങൾ അതിവേഗത്തിലായി.
വിവിധ വകുപ്പുകളുടെ അനുമതികൾ എളുപ്പത്തിൽ ലഭ്യമാക്കി. അവസാന നിമിഷം ചില രേഖകൾകൂടി ആവശ്യമായി വന്നെങ്കിലും എമിറേറ്റ്സ് എയർലൈനിന്റെ സഹകരണത്തോടെ കൃത്യസമയത്തുതന്നെ മൃതദേഹം അയക്കാൻ കഴിഞ്ഞു. സാമൂഹികപ്രവർത്തകരും സുഹൃത്തുക്കളുമായ മൊയ്ദീൻ വാടാനപ്പള്ളി, അലി മുഹമ്മദ്, നൗഷാദ് അരീക്കോട്, കബീർ പളിയിൽ, ദിൽഷാദ്, ഷംസുദ്ദീൻ, അബ്ദുൽകരീം, നദീം, സഫ്വാൻ തുടങ്ങിയവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.