ദുബൈ: പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കുന്നതിന് യു.എ.ഇ പൊലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ഫ്രാൻസിന്റെ ക്ഷണം സ്വീകരിച്ചാണ് പൊലീസ് സേനാംഗങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷ ചുമതല വഹിക്കുന്നത്.
രാജ്യത്തെ വിവിധ എമിറേറ്റുകളിലെ പൊലീസ് വകുപ്പുകളിൽ നിന്നുള്ള ഏറ്റവും മികച്ച പരിശീലനം നേടിയവരാണ് ലോക കായിക മാമാങ്കത്തിന്റെ സുരക്ഷക്ക് നിയോഗിതരാകുന്നത്. ഇവരുടെ ഫീൽഡ് പരിശീലനവും ഭാഷാ പഠനവും അടക്കമുള്ള കാര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. വിവിധ സുരക്ഷ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിനും പ്രഥമ ശുശ്രൂഷ നൽകുന്നതിനും പൊതുജനങ്ങളുമായുള്ള സംയോജനവും ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രത്യേക പരിശീലനമാണ് ലഭിച്ചിട്ടുള്ളത്.
പ്രധാന കായിക പരിപാടികളുടെ സുരക്ഷയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് പങ്കാളിത്തമെന്ന് അധികൃതർ എക്സ് അക്കൗണ്ടിൽ കുറിച്ചു. അടുത്തയാഴ്ച ഫ്രാൻസിലേക്ക് പോകുകയും പൊലീസ് സംവിധാനത്തിന്റെ ഭാഗമാകുകയും ചെയ്യുന്ന അംഗങ്ങൾ യു.എ.ഇയിൽ സേവനമനുഷ്ഠിക്കുന്നതുപോലെ അവരെയും സേവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
ലോകമെമ്പാടുമുള്ള വിവിധ രാജ്യക്കാരായ പൗരന്മാരെയും ഇമാറാത്തി പൗരന്മാരെയും തുല്യമായി സേവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ 26ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിൽ യു.എ.ഇയിൽ നിന്നുള്ള 14 അത്ലറ്റുകളും മാറ്റുരക്കുന്നുണ്ട്.
ഒളിമ്പിക്സ് സുരക്ഷക്ക് വേണ്ടി പങ്കെടുക്കുന്ന പൊലീസ് അംഗങ്ങളിലും അഭിമാനമുണ്ടെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. പൊലീസ് സേനയെ മികച്ച നിലയിലേക്ക് എത്തിക്കുന്നതിൽ പരിശ്രമിച്ച ശൈഖ് സൈഫിന് അഭിനന്ദനമറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.