ദുബൈ: റമദാനിൽ നോമ്പുതുറ സമയത്ത് മുഴങ്ങുന്ന പീരങ്കി ഇത്തവണ എക്സ്പോ സിറ്റിയിലും. യു.എ.ഇയിൽ പരമ്പരാഗതമായി വിവിധ സ്ഥലങ്ങളിൽ പീരങ്കി മുഴങ്ങാറുണ്ട്. റമദാനിൽ വിവിധ പരിപാടികൾക്ക് വേദിയാകുന്നതിന്റെ ഭാഗമായാണ് എക്സ്പോ സിറ്റിയിൽ പീരങ്കി സ്ഥാപിക്കുന്നത്. ദുബൈ പൊലീസ് ഉദ്യോഗസ്ഥരാണ് ഇഫ്താർ സമയത്ത് വെടിമുഴക്കുന്നത്.
പീരങ്കികൾ അൽ വസ്ൽ പ്ലാസക്ക് സമീപത്തായിരിക്കും സ്ഥാപിക്കുക. എക്സ്പോ സിറ്റി ദുബൈ ട്വിറ്ററിൽ പങ്കുവെച്ച 20 സെക്കൻഡ് വിഡിയോയിലാണിത് വ്യക്തമാക്കിയത്. നോമ്പുതുറ സമയത്ത് ഒരു തവണയാണ് വെടിമുഴങ്ങുക. എന്നാൽ, റമദാൻ തുടക്കവും ഈദുൽ ഫിത്റും അറിയിക്കാൻ രണ്ടുവീതം വെടിയുതിർക്കും. 1960 മുതൽ യു.എ.ഇയിൽ ഇഫ്താർ പീരങ്കികൾ ഉപയോഗിക്കുന്ന പതിവുണ്ട്. കഴിഞ്ഞ വർഷം 11 സ്ഥലങ്ങളിലാണ് ദുബൈ പൊലീസ് പീരങ്കികൾ സജ്ജമാക്കിയത്. അബൂദബി, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലും പീരങ്കി പ്രയോഗം നടക്കാറുണ്ട്. 170 ഡെസിബെൽ ശബ്ദപരിധിയിൽ, റമദാൻ പീരങ്കികളുടെ വെടിക്കെട്ട് 10 കിലോമീറ്റർ അകലെവരെ കേൾക്കാവുന്നതാണ്.
വിശുദ്ധ മാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളാണ് ദുബൈ എക്സ്പോ സിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ ചടങ്ങുകൾ ‘ഹയ്യ് റമദാൻ’ എന്ന തലക്കെട്ടിൽ മാർച്ച് മൂന്നു മുതൽ ഏപ്രിൽ 25വരെയാണ് നടത്തപ്പെടുന്നത്. അൽ വസ്ൽ പ്ലാസയിലെ പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കും സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. പെർഫ്യൂമുകളും സമ്മാനങ്ങളും തുന്നിയ വസ്ത്രങ്ങളും ലഭിക്കുന്ന നൈറ്റ് മാർക്കറ്റും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.