ദുബൈ: 2022-23 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കുന്ന ലോകത്തെ മികച്ച 12 വിപണികളിൽ യു.എ.ഇക്ക് നാലാം സ്ഥാനം. വെള്ളിയാഴ്ച സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയാണ് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിറ്റഴിക്കുന്ന ലോകത്തെ മികച്ച 12 രാഷ്ട്രങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സൗദി അറേബ്യയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ് (ഐ.എസ്.ഒ) നിശ്ചയിച്ച 109 വ്യത്യസ്തങ്ങളായ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 75 ഇനം സുഗന്ധവ്യഞ്ജനങ്ങളും ഇന്ത്യ ഉൽപാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയിൽ അവസാനിച്ച സാമ്പത്തിക വർഷം ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്ത് 40 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ ഭക്ഷ്യ ഉൽപന്നങ്ങളിലും ദക്ഷിണേഷ്യൻ ഭക്ഷ്യവിഭവങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നത് ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കോഫി പൗഡർ, ചായപ്പൊടി എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യൻ സുഗന്ധവ്യഞ്ജന ഉൽപന്നം.
സെപ്റ്റംബർ 15 മുതൽ 17വരെ മുംബൈയിൽ നടക്കുന്ന 14ാമത് വേൾഡ് സ്പൈസസ് കോൺഗ്രസിൽ യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സുഗന്ധവ്യഞ്ജന വ്യാപാരികൾ, നിയന്ത്രണ അതോറിറ്റി, ഇറക്കുമതി അസോസിയേഷനുകൾ, വാണിജ്യരംഗത്തെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്ഷണിതാക്കളാണെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു.
ജി20 ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വേൾഡ് സ്പൈസസ് കോൺഗ്രസ് ഈ രംഗത്തെ പുതിയ പ്രവണതകളും കോവിഡാനന്തരമുള്ള വ്യാപാര സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ഡി. സത്യൻ പറഞ്ഞു. ‘വിഷൻ 2030: സ്പൈസസ്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. 1990ൽ ആണ് ആദ്യ വേൾഡ് സ്പൈസസ് കോൺഫറൻസ് ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.