ദുബൈ: ഐക്യരാഷ്ട്ര സഭയുടെ ആഗോള ലിംഗസമത്വ സൂചികയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച് യു.എ.ഇ. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തുവിട്ട ഈ വർഷത്തെ സ്ത്രീപുരുഷ സമത്വ സൂചികയിൽ ഏഴാം സ്ഥാനം നേടിയിരിക്കുകയാണ് യു.എ.ഇ. പ്രാദേശിക തലത്തിൽ ആദ്യ സ്ഥാനവും യു.എ.ഇക്കാണ്. സ്ത്രീപുരുഷ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകരാജ്യങ്ങൾ നടത്തിയ പദ്ധതികളും ശ്രമങ്ങളും വിലയിരുത്തിയാണ് യു.എൻ സമിതി ആഗോള ലിംഗസമത്വ സൂചിക പുറത്തുവിടുന്നത്.
ഡെൻമാർക്ക്, നോർവേ, സ്വിറ്റ്സർലൻഡ്, സ്വീഡൻ, നെതർലൻഡ്സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ആദ്യ ആറു സ്ഥാനങ്ങളിൽ. സൂചികയിൽ 45ാം സ്ഥാനത്താണ് ബഹ്റൈൻ. കുവൈത്ത് (51), ഖത്തർ (54), സൗദി അറേബ്യ (55), ഒമാൻ (66) എന്നിങ്ങനെയാണ് ജി.സി.സി രാജ്യങ്ങളുടെ സൂചിക.
2015ലാണ് യു.എ.ഇയിൽ ജെൻഡർ ബാലൻസ് കൗൺസിലിന് രൂപം നൽകിയത്. 2021ഓടെ ആഗോള സ്ത്രീ പുരുഷ സമത്വസൂചികയിൽ ആദ്യ 25 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയായിരുന്നു ലക്ഷ്യം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മകൾ ശൈഖ മണാൽ ബിൻത് മുഹമ്മദിനായിരുന്നു ലിംഗ സമത്വ സംരംഭത്തിന്റെ ചുമതല. ദുബൈ വിമൻ എൻഡോവ്മെന്റിന്റെ ചെയർപേഴ്സൻ കൂടിയാണ് ശൈഖ മണാൽ. ലക്ഷ്യം നേടുന്നതിനായി ദേശീയതലത്തിൽ കൗൺസിലിന് പ്രത്യേക പദ്ധതികളും ലക്ഷ്യങ്ങളും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗോളതലത്തിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്നു വർഷത്തേക്ക് യു.എന്നിന് 1.5 കോടി ഡോളർ അധികമായി നൽകുകയും ചെയ്തു.
തുടർന്ന് 2023ലെ ലിംഗസമത്വ സൂചികയിൽ യു.എ.ഇ നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വർഷം ആഗോളതലത്തിൽ സ്തുത്യർഹമായ നേട്ടം കൈവരിച്ചതിൽ മകളെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. രാജ്യത്തിന് അഭിനന്ദനാർഹമായ നേട്ടം കൈവരിക്കാനായത് സമിതിയുടെ മികച്ച നേതൃപാടവവും ടീമിന്റെ ആത്മാർഥ പ്രവർത്തനവുമാണ്. ജനങ്ങളുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി രാജ്യം നടത്തുന്ന പരിശ്രമങ്ങളുടെ തെളിവാണീ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.