ഷാർജ: ചില രാജ്യങ്ങളിൽ മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാണെങ്കിലും അത് വിപണനം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ സ്ഥിരമായി സന്ദർശിക്കുന്നതിനെതിരെ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ് ചീഫ്. മയക്കുമരുന്ന് വിപണനമുള്ള കഫേകളിലും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വേദികളിലും പതിവായി പോകുന്ന യുവാക്കളെ നിരീക്ഷിക്കാനും അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ അറസ്റ്റു ചെയ്യാനും മടിക്കില്ലെന്ന് ദുബൈയിലെ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യു.എ.ഇ ഡ്രഗ് കൺട്രോൾ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം വ്യക്തമാക്കി.
‘നമുക്കൊപ്പം ചേരൂ ഇത് നിർത്താൻ’ എന്ന മുദ്രാവാക്യവുമായി രൂപവത്കരിച്ച ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാർജയിലെ സിറ്റി സെന്റർ അൽ സാഹിയ മാളിൽ നടന്ന ചടങ്ങിൽ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് സായിഫ് ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടി ഷാർജ പൊലീസിന്റെ സഹകരണത്തോടെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ മന്ത്രാലയമായിരുന്നു സംഘടിപ്പിച്ചത്.
സമൂഹത്തിലെ എല്ലാ തലങ്ങളിലും മയക്കുമരുന്നിനെതിരെ ബോധവത്കരണ സന്ദേശം എത്തിക്കുന്നതിനായി വാണിജ്യ സെന്ററുകളിൽ നടത്തുന്ന ഇത്തരം പരിപാടികൾ പ്രശംസനീയമാണെന്നും ലഫ്. ജനറൽ തമീം കൂട്ടിച്ചേർത്തു. സമൂഹത്തിൽ മയക്കുമരുന്ന് എത്തിക്കാനുള്ള എല്ലാ വഴികളും കുറ്റവാളികൾ തേടുന്നുണ്ട്. എന്നാൽ, അത് തടയാനുള്ള പൊലീസ് നടപടികളും ശക്തമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണ് അടുത്തിടെ പിടിച്ചെടുത്ത വലിയ അളവിലുള്ള മയക്കുമരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.