അൽഐൻ: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച കുരുന്നുകൾക്ക് വർണാഭ സ്വീകരണമൊരുക്കി വിദ്യാലയങ്ങൾ. ദുബൈ ഒഴികെ ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിന് ആഘോഷത്തുടക്കം. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയ അധികൃതർ ഒരുക്കിയിരുന്നത്.
സ്കൂളുകൾ വർണ തോരണങ്ങൾകൊണ്ടും ബലൂണുകൾകൊണ്ടും അലങ്കരിച്ചിരുന്നു. ക്ലാസ് മുറികൾ അലങ്കരിച്ചും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചുമാണ് വിദ്യാർഥികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് സ്വീകരിച്ചത്. പുത്തൻ യൂനിഫോമും പുതിയ പുസ്തകങ്ങളും ബാഗുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ആദ്യക്ഷരങ്ങൾ നുകരാൻ വിദ്യാലയങ്ങളിൽ എത്തിച്ചേർന്നത്. ദുബൈയിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ മൂന്നിനുതന്നെ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന സ്വകാര്യ വിദ്യാലയങ്ങൾ രണ്ടാഴ്ചയുടെ വസന്തകാല അവധിക്കുശേഷം ഇന്നലെയാണ് തുറന്നത്. ഈ വിദ്യാലയങ്ങളിൽ അവസാന പാദത്തിനാണ് തുടക്കം കുറിച്ചത്.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾ നടക്കുക ഈ പാദത്തിലാണ്. സർക്കാർ സ്കൂളുകൾ ഏപ്രിൽ 17നാണ് തുറക്കുന്നത്.
നിരവധി വിദ്യാർഥികളാണ് വിവിധ ക്ലാസുകളിൽ പുതുതായി പ്രവേശനം നേടിയത്. യു.എ.ഇയിൽ നിന്നുതന്നെ സ്കൂളുകൾ മാറിവരുന്ന വിദ്യാർഥികളും നിരവധിയാണ്. സ്കൂളുകളിൽ വിദ്യാർഥികൾ വർധിച്ചതോടെ നിരവധി അധ്യാപകരും പുതുതായി സ്കൂളുകളിൽ എത്തിയിട്ടുണ്ട്. അവർക്കും ആദ്യദിനമായിരുന്നു ഇന്നലെ. സി.ബി.എസ്.ഇ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുന്നതും ഏപ്രിൽ ആദ്യം മുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.