ദുബൈ: അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായി നിശ്ചയിച്ച യു.എ.ഇയിൽ മാർച്ച് 24 മുതൽ അഫ്ഗാൻ-പാക് ട്വന്റി20 ടൂർണമെന്റ് നടക്കും. 27 വരെ ഷാർജ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ മൂന്നു മത്സരങ്ങളുണ്ടാവും. നേരത്തേ 25 മുതൽ 29 വരെ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ ഷെഡ്യൂൾ പ്രകാരം 24, 26, 27 തീയതികളിലാണ് മത്സരം. പാകിസ്താനും അഫ്ഗാനിസ്താനും ആദ്യമായാണ് ടി20 പരമ്പരയിൽ ഏറ്റുമുട്ടുന്നത്. 2012ലും 13ലും ഷാർജയിൽ ഇരുടീമുകളും ഓരോ ഏകദിനവും ട്വന്റി20യും കളിച്ചിരുന്നു. രണ്ടു മത്സരത്തിലും പാകിസ്താൻ ജയിച്ചു. ഇതിനു പുറമെ ലോകകപ്പ്, ഏഷ്യകപ്പ് പോലുള്ള വേദികളിലും ഇരു ടീമുകളും ഏറ്റുമുട്ടി. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ദുബൈയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു ഓവർ ബാക്കിനിൽക്കെയാണ് പാകിസ്താൻ ജയിച്ചത്.
മാസങ്ങൾക്കു മുമ്പാണ് യു.എ.ഇയെ ഹോംഗ്രൗണ്ടായി നിശ്ചയിച്ച് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും കരാർ ഒപ്പുവെച്ചത്. ഇതിനു പിന്നാലെ യു.എ.ഇ അടക്കം വിവിധ ടീമുകളുമായി അഫ്ഗാൻ പരമ്പര കളിച്ചിരുന്നു. എന്നാൽ, കരാർ ഒപ്പുവെച്ചശേഷം ആദ്യമായാണ് ഐ.സി.സി റാങ്ക് പട്ടികയിൽ മുൻനിരയിലുള്ള ടീമുമായി അഫ്ഗാൻ ഇവിടെ കളിക്കാനിറങ്ങുന്നത്. ഇരുരാജ്യങ്ങളിലെയും ലക്ഷക്കണക്കിന് പൗരന്മാർ യു.എ.ഇയിലുള്ളതിനാൽ ട്വന്റി20 പരമ്പരയിലും കാണികൾ നിറയുമെന്നുറപ്പാണ്.
അഫ്ഗാനിസ്താനിൽ മത്സരം നടത്താനുള്ള സാഹചര്യമില്ലാത്തതിനാലാണ് അഫ്ഗാൻ ടീം യു.എ.ഇയെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തത്. മുമ്പ്, ഇന്ത്യയിലെ നോയ്ഡയായിരുന്നു അഫ്ഗാൻ ടീമിന്റെ പരിശീലനവേദി. നേരത്തേ, പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെയും ഹോം ഗ്രൗണ്ടായിരുന്നു യു.എ.ഇ.എന്നാൽ, പാകിസ്താനിൽ കളിക്കാൻ വിദേശ ടീമുകൾ സന്നദ്ധമായതോടെ സ്വന്തം രാജ്യംതന്നെ ഹോംഗ്രൗണ്ടാക്കുകയായിരുന്നു. പാകിസ്താൻ സൂപ്പർ ലീഗും യു.എ.ഇയിൽ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.