ദുബൈ: ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾക്ക് പിന്നാലെ ജോർജിയയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവെച്ച് യു.എ.ഇ. വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദിയും ജോർജിയൻ ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയുമായ ലെവൻ ഡേവിറ്റാഷ്ലിയുമാണ് കരാർ സംബന്ധിച്ച ചർച്ചകൾ വിജയിച്ചതായി സ്ഥിരീകരിക്കുന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചത്. ജോർജിയൻ തലസ്ഥാനമായ തിബ്ലിസിലാണ് ചർച്ചകൾ നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര നിക്ഷേപ ബന്ധങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് കരാറിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം എണ്ണയിതര ഉഭയകക്ഷി വ്യാപാരം 46.8 കോടി യു.എസ് ഡോളറിലെത്തിയിരുന്നു. 2021നെ അപേക്ഷിച്ച് 110 ശതമാനം വളർച്ചയാണിതിൽ രേഖപ്പെടുത്തിയത്. ജോർജിയയുടെ ആറാമത്തെ ഏറ്റവും വലിയ നിക്ഷേപക രാജ്യമാണ് നിലവിൽ യു.എ.ഇ. സെപ ഒപ്പുവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ സെപ കരാർ ഒപ്പുവെക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ജോർജിയ.
ആദ്യം ഇന്ത്യയുമായി ഒപ്പുവെച്ച ശേഷം പിന്നീട് ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കിയ എന്നീ രാജ്യങ്ങളുമായി കരാറിലേർപെട്ടു. എണ്ണയിതര വ്യാപാരത്തിലെ വർധന ലക്ഷ്യമിട്ടാണ് വിവിധ രാജ്യങ്ങളുമായി കരാറിൽ ഒപ്പുവെക്കുന്നത്. വിവിധ സാധനങ്ങളുടെ കസ്റ്റംസ് തീരുവയിൽ കുറവ് വരുമെന്നതാണ് കരാറിന്റെ പ്രത്യേകത. ഇതിൽ 93 ശതമാനവും എണ്ണയിതര മേഖലയിലാണ്. ഇതോടെ ഇരു രാജ്യങ്ങളിലെയും ഇറക്കുമതിയും കയറ്റുമതിയും വർധിക്കും. യു.എ.ഇയിൽനിന്നുള്ള കയറ്റുമതിക്കാർക്ക് ജോർജിയയിലേക്ക് കൂടുതൽ സാധനങ്ങൾ കുറഞ്ഞ ചെലവിൽ എത്തിക്കാൻ കഴിയും. എണ്ണയിതര മേഖലയിലെ വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ശതകോടി ഡോളറാക്കുക എന്നതാണ് ലക്ഷ്യം. 2031ഓടെ 25,000 പുതിയ തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.