ദുബൈ: വിവിധ മേഖലകളിൽ സഹകരണത്തിന് യു.എ.ഇയും സിംഗപ്പൂരും സഹകരണ കരാറിൽ ഒപ്പുവെച്ചു. സിംഗപ്പൂർ പ്രധാനമന്ത്രി ലീഷ്യൻ ലോങ്ങിന്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകൾ ഒപ്പുവെച്ചത്. വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനം, ഗ്രീൻ ഇക്കോണമി, നിർമിതബുദ്ധി, ഡിജിറ്റൽ ഗവേണൻസ്, സ്മാർട് സിറ്റികൾ, ഹലാൽ സർട്ടിഫിക്കേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട ധാരണപത്രങ്ങളിലാണ് പ്രധാനമായും ഒപ്പുവെച്ചിട്ടുള്ളത്.
അബൂദബി ഖസ്ർ അൽ വത്നിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുമായും ആഗോളതലത്തിലും ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായി. പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങളും ഇരു നേതാക്കളും മുന്നോട്ടുവെച്ചു. യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ പ്രധാന്യവും ഇരു നേതാക്കളും പ്രത്യേകം പരാമർശിച്ചു. സിംഗപ്പൂർ പ്രസിഡന്റ് തർമാൻ ഷൺമുഖരത്നത്തിന്റെ ആശംസകൾ പ്രധാനമന്ത്രി ശൈഖ് മുഹമ്മദിനെ അറിയിക്കുകയും ചെയ്തു. പിന്നീട് ദുബൈ സന്ദർശിച്ച സിംഗപ്പൂർ പ്രധാനമന്ത്രി ദുബൈ ഫസ്റ്റ് ഉപ ഭരണാധികാരിയും ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.