അബൂദബി: നിര്‍മാണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ അല്‍ സാദ പാലത്തില്‍ പുതിയ വേഗപരിധി നിര്‍ണയിച്ചു. വെള്ളിയാഴ്ച മുതലാണ് പ്രാബല്യം. ഡിസംബര്‍ അവസാനം വരെ ഈ വേഗപരിധി ബാധകമാണ്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ (സലാം സ്ട്രീറ്റ്, പൈനാപ്പിള്‍ ബില്‍ഡിങ് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന ഭാഗം) വെള്ളിയാഴ്ച മുതല്‍ ഇരുവശങ്ങളിലേക്കുമുള്ള പാതയില്‍ വേഗപരിധി 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയതായി സംയോജിത ഗതാഗതകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഡ്രൈവര്‍മാര്‍ ബദല്‍ പാതകള്‍ ഉപയോഗിക്കണം.
അല്‍ ഫലാഹ് ബ്രിഡ്ജില്‍നിന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സ്വൈഹാന്‍ റോഡിലെ വേഗപരിധിയും പുനര്‍നിര്‍ണയിച്ചിരുന്നു. 140 കിലോമീറ്റര്‍ വേഗം നിശ്ചയിച്ചിരുന്ന റോഡില്‍ 120 കിലോമീറ്ററാണ് പുതിയ വേഗപരിധി. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് അബൂദബി പൊലീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. വേഗം പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള പുതിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു. 140 കിലോമീറ്ററാണ് ഈ റോഡിലെ പരമാവധി വേഗം. 120 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ ഈ റോഡില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് പിഴ. കുറഞ്ഞ വേഗത്തില്‍ പോവുന്നവര്‍ക്ക് മൂന്നാമത്തെ ലെയിന്‍ ഉപയോഗിക്കാം. ഈ ലെയിനില്‍ കുറഞ്ഞ വേഗത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
അബൂദബിയിലെ ഹൈവേകളിലുടനീളം ഡ്രൈവര്‍മാര്‍ക്ക് കാലാവസ്ഥ മുന്നറിയിപ്പ് നല്കാന് റോഡ് അലര്‍ട്ട് സംവിധാനവും അബൂദബി പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ നിറങ്ങളിലുള്ള ഫ്ലാഷ് ലൈറ്റുകള്‍ തെളിയിച്ചാണ് ഓരോ കാലാവസ്ഥയെക്കുറിച്ചും ഈ ഉപകരണം മുന്നറിയിപ്പ് നല്‍കുക. മഞ്ഞയും നീലയും വെളിച്ചം കത്തിയാല്‍ മുന്നില്‍ വാഹനാപകടം നടന്നിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.
മഞ്ഞവെളിച്ചം മൂടല്‍മഞ്ഞ്, പൊടിയോ മഴയോ ഉണ്ടെന്നതിന്റെ സൂചനയാണ്. മൂടല്‍ മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ പാതകളിലെ വേഗപരിധി നിര്‍ണയിക്കുന്ന സ്മാര്‍ട്ട് സംവിധാനവും നിലവിലുണ്ട്. 200 മീറ്ററില്‍ കുറവ് ദൂരക്കാഴ്ചയുണ്ടാവുന്ന കാലാവസ്ഥകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററാണ് വേഗം പാലിക്കേണ്ടത്. ഇതു വ്യക്തമാക്കുന്ന ഇലക്ട്രോണിക് മുന്നറിയിപ്പ് ബോര്‍ഡുകള്‍ പാതയോരത്ത് സ്ഥാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ റോഡുകളില്‍ നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.