കുരുന്നുപ്രായം മുതൽ കുട്ടികളിൽ കായിക താൽപര്യം വളർത്തിയെടുക്കുന്ന കാര്യത്തിൽ മുമ്പിലാണ് യു.എ.ഇ. സകല കായിക ഇനങ്ങളിലും കുട്ടികൾക്ക് പരിശീലിക്കാൻ അക്കാദമികൾ യു.എ.ഇയിലുണ്ട്. ലോകോത്തര ഫുട്ബാൾ ക്ലബ്ബുകളുടെ അക്കാദമികൾ പോലും ഏറെ മുൻപേ യു.എ.ഇയിൽ ഇടംപിടിച്ചിരുന്നു. സ്കൂൾ കുട്ടികൾക്കായി യു.എ.ഇ ആവിഷ്കരിച്ച പദ്ധതിയാണ് സ്കൂൾ ഗെയിംസ്. ഇതിന്‍റെ ഭാഗമായി കുട്ടികൾക്ക് പരിശീലന പദ്ധതിയുമായി എത്തിയിരിക്കുകയാണ് യു.എ.ഇ സ്പോർട്സ് ഫെഡറേഷൻ. ഇമാറത്തി പൗരൻമാർക്കും പ്രവാസികൾക്കും ഉപകാരപ്പെടുന്നതാണ് പദ്ധതി. എട്ട് കായിക ഇനങ്ങളാണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്.
ജൂഡോ, ഷൂട്ടിങ്, ഫെൻസിങ്, അത്ലറ്റിക്സ്, അമ്പെയ്ത്ത്, നീന്തൽ, തൈക്വാണ്ടോ, ബാഡ്മിന്റൺ എന്നിവയിലാണ് പരിശീലനം. മികച്ച കോച്ചുമാരുടെ കീഴിലാണ് പരിശീലനം. വിവിധ കായിക ഇനങ്ങളുടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. സ്പോർട്സ് ഫെഡറേഷനുകളും എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻറ് എന്നിവയുമായി സഹകരിച്ചായിരിക്കും പരിശീലനം.
കായിക ഇനങ്ങളെ രണ്ടായി തിരിച്ചാണ് പരിശീലനം നൽകുന്നത്. ആദ്യ ഗ്രൂപ്പിൽ ജൂഡോ, ഷൂട്ടിങ്, ഫെൻസിങ്, അത്ലറ്റിക്സ്, അമ്പെയ്ത്ത് എന്നിവയുണ്ട്. ഈ ഗ്രൂപ്പിനായിരിക്കും കൂടുതൽ പ്രാധാന്യം. രണ്ടാം ഗ്രൂപ്പിൽ തൈക്വോണ്ടോ, നീന്തൽ, ബാഡ്മിന്റൺ എന്നിവയുണ്ട്. എല്ലാ കുട്ടികൾക്കും തുല്യ അവസരമായിരിക്കും ലഭിക്കുക. പരിശീലന കേന്ദ്രങ്ങൾ മൂന്ന് മാസം പ്രവർത്തിക്കും. യു.എ.ഇയിൽ നടക്കുന്ന സ്കൂൾ ഗെയിംസുമായി ചേർത്താണ് പരിശീലനം നൽകുന്നത്. ഇതിൽ വിവിധ എമിറേറ്റുകൾ തമ്മിലും സ്കൂളുകൾ തമ്മിലും മത്സരങ്ങളുണ്ട്. മെയിലാണ് ഈ മത്സരങ്ങൾ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.