ദുബൈ: മലയാള സിനിമയുടെ അനൗദ്യോഗിക തട്ടകമായിരുന്നു യു.എ.ഇ എന്നും ഗോൾഡൻ വിസ നൽകി തുടങ്ങിയതോടെ ഇത് ഔദ്യോഗികമായെന്നും നടൻ പൃഥ്വിരാജ്. പുതിയ ചിത്രമായ 'ഭ്രമ'ത്തിെൻറ പ്രൊമോഷനായി ദുബൈയിൽ എത്തിയതാണ് പൃഥ്വി.
മലയാള സിനിമക്ക് ഇത് മികച്ച അവസരമാണ്. മലയാള സിനിമയുടെ അന്താരാഷ്ട്ര മാർക്കറ്റ് നിയന്ത്രിക്കുന്നത് യു.എ.ഇയിൽ നിന്നാണ്. സിനിമയുടെ പ്രി പ്രൊഡക്ഷനും മേക്കിങ്ങുമെല്ലാം എങ്ങിനെ ദുബൈയിൽ നടത്താം എന്നതിനെ കുറിച്ച് ചർച്ചകൾ നടക്കണം. ഇതിനായി ആരെങ്കിലും മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് മൂലം പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ സാധ്യതകളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ ചിലവ് ഗണ്യമായി കുറയാൻ ഇത് കാരണമായി. നേരത്തെ 250 പേരെ വച്ച് ഷൂട്ട് ചെയ്തിരുന്ന സിനിമ ഇപ്പോൾ 50 പേരെവെച്ചാണ് എടുക്കുന്നത്. രണ്ടോ മൂന്നോ മാസം കൊണ്ട് ചിത്രീകരിച്ചിരുന്നത് ഒരു മാസത്തിൽ താഴെയായി. സാങ്കേതിക വിദ്യകൾ കൂടുതലായി ഉപയോഗിക്കുന്നതിലേക്കും ഇത് വഴിവെച്ചു. ഇതെല്ലാം എന്നാണെങ്കിലും സംഭവിക്കേണ്ടിയിരുന്നതാണ്. കോവിഡ് എത്തിയതോടെ അൽപം നേരെത്ത സംഭവിച്ചു എന്ന് മാത്രം. ഒ.ടി.ടിയും വലിയൊരു സാധ്യതയും വെല്ലുവിളിയുമാണ്. എല്ലാ സിനിമയും ഒ.ടി.ടിക്കായി ചെയ്യാൻ കഴിയില്ല. ഓരോ സിനിമയുടെയും തിരക്കഥ എഴുതുന്ന സമയം മുതൽ സംവിധായകെൻറയും തിരക്കഥാകൃത്തിെൻറയും മുന്നിൽ തെളിയുന്ന വെല്ലുവിളിയായിരിക്കും ഒ.ടി.ടി. ഇത് ഒറ്റക്കിരുന്ന് കാണേണ്ട സിനിമയാണോ അതോ കുറേ പേർ ചേർന്ന് കാണേണ്ടതാണോ എന്ന് ആദ്യമെ തീരുമാനിക്കണം. ലൂസിഫറും എംപുരാനും പോലുള്ള ചിത്രങ്ങൾ ഒ.ടി.ടിയിൽ സങ്കൽപിക്കാൻ കഴിയില്ല. എന്നാൽ, ജോജി പോലുള്ള ചിത്രങ്ങൾക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമായാലും മതി. കാരണം, ഈ ചിത്രമെല്ലാം ഒറ്റക്കിരുന്ന് കാണാൻ കഴിയും. വലിയ താരങ്ങൾ ഒ.ടി.ടിക്കായി സിനിമ ചെയ്യുന്ന കാലം വരാനിരിക്കുന്നതേയുള്ളൂ. രാജ്യാന്തര തലത്തിൽ മലയാള സിനിമ ചർച്ച ചെയ്യപ്പെടാനും ഒ.ടി.ടി ഉപകരിച്ചു.
അന്ധാദുൻ എന്ന ഹിന്ദി ചിത്രത്തിെൻറ മലയാളം പതിപ്പാണ് 'ഭ്രമം'. റീമേക്കിങ് ആണെങ്കിലും മലയാളത്തിലേക്ക് അതേപടി സിനിമ പകർത്തുകയല്ല. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് പുതുമകൾ കാത്തുവെച്ചിട്ടുണ്ട്. ലൂസിഫറിെൻറ ഷൂട്ടിങ്ങിനിടെ വിവേക് ഒബ്റോയിയാണ് അന്ധാദുെൻറ റീ മേക്കിങ്ങിനെ കുറിച്ച് ആദ്യം പറഞ്ഞത്. ചിത്രം കണ്ടപ്പോൾ അത് മലയാളത്തിൽ നിർമിക്കണമെന്ന് ആഗ്രഹിച്ച നിർമാതാവാണ് താൻ. പക്ഷെ, നിർമാതാവാകാനല്ല അഭിനയിക്കാനാണ് അവസരം ലഭിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.
ആദ്യമായി പൃഥ്വിരാജിനൊപ്പം മുഴുനീള ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ചിത്രത്തിൽ പൃഥ്വിരാജിെൻറ ആവേശം കണ്ടതുമുതൽ താനും ആവേശത്തിലായിരുന്നുവെന്നും ഉണ്ണി കൂട്ടിചേർത്തു.
തബുവിെൻറ വലിയ ഫാനാണ് താനെന്നും അന്ധാദുനിലെ തബുവിെൻറ കഥാപാത്രം മലയാളത്തിൽ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മംത മോഹൻദാസ് പറഞ്ഞു.
സംവിധായകൻ രവി കെ ചന്ദ്രനും അന്ധാദുൻ സിനിമയുമാണ് ഈ ചിത്രത്തിലേക്ക് തന്നെ ആകർഷിച്ച രണ്ട് ഘടകങ്ങളെന്നും മംത വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.