ദുബൈ: യമനിലെ അൽ ഹുദൈദ ഗവർണറേറ്റ് തീരത്ത് യു.എ.ഇയുടെ പതാക ഘടിപ്പിച്ച ചരക്ക് കപ്പൽ ഹൂതികൾ തട്ടിയെടുത്തു. യമനിലെ സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാൽകിയാണ് ഇക്കാര്യമറിയിച്ചത്.
ഞായറാഴ്ച പ്രദേശിക സമയം രാത്രി പന്ത്രണ്ടോടെയാണ് 'റവാബി' എന്ന കാർഗോ കപ്പലിനുനേരെ ആക്രമണമുണ്ടായത്. കപ്പൽ യമനിലെ സൊകോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജീസാൻ തുറമുഖത്തേക്ക് പോവുകയായിരുന്നു. ദ്വീപിലെ സൗദി ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ മെഡിക്കൽ ഫീൽഡ് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുകയായിരുന്നു കപ്പൽ.
കാർഗോയിൽ ആംബുലൻസുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, ടെൻറുകൾ, ഒരു ഫീൽഡ് കിച്ചൻ, ഫീൽഡ് ലോൺട്രി യൂനിറ്റുകൾ, സാങ്കേതിക, സുരക്ഷ സഹായ ഉപകരണങ്ങൾ എന്നിവയുണ്ടായിരുന്നതായി ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ദക്ഷിണ ചെങ്കടലിലെയും ബാബുൽ മൻദബ് കടലിടുക്കിലെയും കപ്പൽസഞ്ചാര സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും ഹൂതി ഭീകരർ ഉയർത്തുന്ന അപകടത്തെ തുറന്നുകാട്ടുന്നതാണ് ഈ കടൽക്കൊള്ളയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പലിനെതിരായ ഹൈജാക്ക് ചെയ്തതിന്റെ മുഴുവൻ ഉത്തരവാദിത്തവും ഹൂതികൾക്കാണെന്നും സംഭവം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും സമുദ്രപരിധിയിലെ സായുധാക്രമണങ്ങൾ നിയന്ത്രിക്കുന്ന സാൻ റെമോ കരാറിനെയും യു.എൻ അന്താരാഷ്ട്ര നിയമത്തെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ ആക്രമണത്തിനെതിരെ ബലപ്രയോഗം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടിയും സഖ്യസേന സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.