റാസല്‍ഖൈമ: യു.എ.ഇ ‘സ്റ്റാര്‍ട്ടപ്പ് രാഷ്ട്ര’മായി ഉയര്‍ന്നുവരികയാണെന്ന് യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. റാക് ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് (ഡി.എ.ഒ) സംഘടിപ്പിച്ച ‘ബില്‍ഡിങ് ദി ഫ്യൂച്ചര്‍’ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍ നിര കമ്പനികളെ ആകര്‍ഷിക്കുന്നതിനും രാജ്യത്തുടനീളം ഡിജിറ്റല്‍ വളര്‍ച്ച കൈവരിക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് റാസല്‍ഖൈമയില്‍ ഡിജിറ്റല്‍ അസറ്റ്സ് ഓയസീസ് സ്വതന്ത്ര വ്യാപാര മേഖല രൂപവത്കരിച്ചത്. ആഗോള പ്രതിഭകള്‍ക്ക് അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാന്‍ കഴിയും വിധമാണ് ഡി.എ.ഒയുടെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുള്ളത്.
സര്‍വ്വ തടസങ്ങളെയും മറികടന്ന് ലോകതലത്തിലുള്ള പ്രതിഭകളെ ആകര്‍ഷിച്ചാണ് യു.എ.ഇയിലെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച. പ്രാദേശിക-അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുന്ന മധ്യപൂര്‍വ്വ ദേശത്തെ ഡിജിറ്റല്‍ ആസ്തികളുടെ മുന്‍നിര കേന്ദ്രമായി യു.എ.ഇ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അബൂദബി, ദുബൈ, റാസല്‍ഖൈമ റഗുലേറ്ററി അധികൃതരുടെ സജീവമായ ഇടപെടലുകളും ഈ രംഗത്തെ നേട്ടത്തിന് കാരണമാണ്. ബിനാന്‍സ് പോലുള്ള നിരവധി ആഗോള ഡിജിറ്റല്‍ അസറ്റ് കമ്പനികള്‍ യു.എ.ഇയില്‍ സാന്നിധ്യം ഉറപ്പിച്ചു. ഈ വര്‍ഷാവസാനത്തോടെ 27 കോടി ഡോളര്‍ നേട്ടം രാജ്യത്തെ ഡിജിറ്റല്‍ ആസ്തി വിപണി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റല്‍ സ്പേസില്‍ ലോക നേതൃത്വം ഏറ്റെടുക്കുകയെന്നത് യു.എ.ഇയുടെ അഭിലാഷമാണ്. സാമ്പത്തിക വികസനത്തിനും മികച്ച ജീവിത നിലവാരത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതാണ് യു.എ.ഇ നാഷനല്‍ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 2031 സംരംഭം. യു.എ.ഇയുടെ ഡിജിറ്റല്‍ യാത്രയില്‍ റാസല്‍ഖൈമയും സജീവമായ സംഭാവനകള്‍ നല്കുന്നു. സംരംഭകര്‍, നിക്ഷേപകര്‍, ഡെവലപ്പര്‍മാര്‍ എന്നിവരുടെ കേന്ദ്രമായാണ് റാക് ഡി.എ.ഒയുടെ പ്രവര്‍ത്തനം.
ബ്ളോക്ക് ചെയ്നിലെയും ഡിജിറ്റല്‍ ആസ്തികളിലേയും മുന്‍ നിര കമ്പനികള്‍ റാസല്‍ഖൈമയെ തങ്ങളുടെ ഭവനമായി തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ റാക് ഡി.എ.ഒയുടെ പുരോഗതി വളരെ വലുതാണ്. ഇത് തെളിയിക്കുന്നതാണ് 2,000ലേറെ മുതിര്‍ന്ന ഇന്‍ഡസ്ട്രിയല്‍ എക്സിക്യൂട്ടീവുകളുടെയും പ്രൊഫഷനലുകളുടെയും ഈ സമ്മേളനത്തിലെ സാന്നിധ്യം. കൂടുതല്‍ നിക്ഷേപമത്തെുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥക്ക് സുസ്ഥിരത നല്‍കുമെന്നും ശൈഖ് സഊദ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.