ദുബൈ: കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലമായി ആഗോള തലത്തിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂടിൽ നിന്ന് ആശ്വാസമേകാൻ പുതു സംരംഭം അവതരിപ്പിച്ച് യു.എ.ഇ. രാജ്യത്തെ സർക്കാർ പിന്തുണയോടെ പ്രാദേശിക, രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇ.ആർ.സി) ആണ് ‘ദി വാട്ടർ എയ്ഡ് ഇനീഷ്യേറ്റീവ്’ എന്ന പേരിൽ പുതിയ ക്യാമ്പയ്ൻ പ്രഖ്യാപിച്ചത്.
അധഃസ്ഥിതരായ കുടുംബങ്ങൾ, ബ്ലൂ കോളർ തൊഴിലാളികൾ, കനത്ത ചൂടിലും പ്രയാസകരമായ തൊഴിലെടുക്കേണ്ടി വരുന്നവർ എന്നിവരെയാണ് ക്യാമ്പയ്ൻ ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ നടക്കുന്ന ക്യാമ്പയ്നിലൂടെ ഇത്തരക്കാർക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി കുടകൾ, തണുപ്പിച്ച വെള്ളം സൂക്ഷിക്കാനുള്ള കണ്ടെയ്നറുകൾ, മറ്റ് ആരോഗ്യ കിറ്റുകൾ എന്നിവ ഉൾപ്പെടെ വിതരണം ചെയ്യും. കിണറുകൾ കുഴിക്കുക, ജലസംഭരണികൾ നിർമിക്കുക, അന്തരീക്ഷത്തിൽ നിന്ന് ജലം ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങൾ എത്തിച്ചു നൽകുക എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലാണ് രാജ്യാന്താര തലത്തിൽ നടക്കുന്ന ക്യാമ്പയ്ൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മനുഷ്യന്റെ ജീവനും ആരോഗ്യവും, അന്തസ്സും സംരക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് അവർക്ക് സംരക്ഷണം നൽകുന്നതിനുമാണ് കാമ്പയ്ൻ സ്ഥാപിച്ചതെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ പങ്കാളികളെ ആകർഷിക്കുക വഴി പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഗുണഭോക്താക്കളുടെ എണ്ണം വിപുലപ്പെടുത്തി കാമ്പയ്നിന്റെ ലക്ഷ്യം നേടുന്നതിനാവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയായതായും റെഡ് ക്രസന്റ് അറിയിച്ചു. ജലദൗർലഭ്യം അനുഭവപ്പെടുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് അധികമായി ജലസ്രോതസ്സുകൾ അനുവദിക്കുന്നതിൽ കൂടുതൽ ഗുണകരമായ മാറ്റമാണ് ക്യാമ്പയ്ൻ പ്രതീക്ഷിക്കുന്നതെന്നും അത്തരം സുപ്രധാനമായ പദ്ധതികളിലേക്ക് സംഭാവന നൽകാൻ സേവന ദാതാക്കളോട് റെഡ് ക്രസന്റ് അഭ്യർഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.