2021 യു.എ.ഇയുടെ കായികരംഗത്ത് പുതുചരിത്രമെഴുതിയ വർഷമായിരുന്നു. മഹാമാരിയുടെ നാളുകളിൽ ഗാലറി തുറന്നുകൊടുത്തതിന് പുറമെ ലോക മാമാങ്കങ്ങൾക്ക് വേദിയൊരുക്കിയത് രാജ്യത്തിന്റെ കായികക്കുതിപ്പിലെ പൊൻതൂവലായി. ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യത്ത് ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളിയതിന് പുറമെ ഐ.പി.എൽ, ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം ഉൾപെടെയുള്ള കായിക മാമാങ്കങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു.
ഈ ഉൗർജം വിടാതെ സൂക്ഷിക്കുന്നതായിരിക്കും 2022 എന്ന സൂചനകളാണ് യു.എ.ഇയുടെ കായിക കലണ്ടർ നോക്കുമ്പോൾ വ്യക്തമാകുന്നത്. ഒരുപിടി രാജ്യാന്തര മത്സരങ്ങളാണ് ഈ വർഷം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ അലയൊലികൾ യു.എ.ഇയിലും ചലനമുണ്ടാക്കുമെന്നതിൽ സംശയമില്ല. ദുബൈ ഡ്യൂട്ടി ഫ്രി ടെന്നിസ് അടുത്ത മാസം 14 മുതൽ 26 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കാണികളെ ഉൾപെടുത്തിയാണ് ചാമ്പ്യൻഷിപ്പ് നടത്തിയത്. ഇക്കുറിയും കാണികൾക്ക് പ്രവേശനമുണ്ടാകുമെന്നും വൻ താരനിരയെത്തുമെന്നുമാണ് പ്രതീക്ഷ. ജനുവരി 13 മുതലാണ് ദുബൈ വേൾഡ് കപ്പ് കുതിരയോട്ട മത്സരം. മാർച്ച് 26നാണ് ഫൈനൽ. 40 ദശലക്ഷം ഡോളറിന്റെ സമ്മാനത്തുകയുള്ള ചാമ്പ്യൻഷിപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കുതിരയോട്ടങ്ങളിലൊന്നാണ്. ദുബൈ ഡസർട്ട് ക്ലാസിക് ഗോൾഫ് ചാമ്പ്യൻഷിപ്പ് ഈ മാസം 27 മുതൽ 30 വരെ എമിറേറ്റ്സ് ഗോൾഫ് ക്ലബ്ബിലാണ് നടക്കുന്നത്. മുൻ ചാമ്പ്യൻ മക്ൽറോയ്, കോളിൻ മൊറികാവാ, സെർജിയോ ഗാർഷ്യ തുടങ്ങിയവരെത്തും.
മറ്റൊര പ്രധാന ഗോൾഫ് ചാമ്പ്യൻഷിപ്പായ ഡി.പി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ് നവംബർ 17 മുതൽ 20 വരെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ്. ക്രിക്കറ്റ് ഫാൻസ് ആവേശത്തോടെ കാത്തിരിക്കുന്ന യു.എ.ഇ ടി 20 ലീഗ് ഫെബ്രുവരി- മാർച്ച് മാസങ്ങളിലായിരിക്കും. വമ്പൻ താരനിരയെ അണിനിരത്തുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം. ആറ് പ്രമുഖ ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള റിലയൻസ് ഉൾപെടെയുള്ളവർക്ക് ടീമുണ്ടെന്നാണ് സൂചന. എന്നാൽ, കൂടുതൽ വിവരങ്ങൾ സംഘാടകർ പുറത്തുവിട്ടിട്ടില്ല. ബാസ്ക്കറ്റ്ബാളിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായ എൻ.ബി.എ ആദ്യമായി യു.എ.ഇയിലേക്ക് വരുന്നതും ഈ വർഷമായിരിക്കും.
അബൂദബിയിലായിരിക്കും മത്സരം. ഏതൊക്കെ ടീമായിരിക്കും പങ്കെടുക്കുന്നതെന്നോ വേദികൾ ഏതാണെന്നോ പ്രഖ്യാപിച്ചിട്ടില്ല. ഇതോടൊപ്പം, യു.എ.ഇയിലെ സ്കൂളുകളിൽ ഉടനീളം ജൂനിയർ എൻ.ബി.എ ലീഗുകൾ നടത്തും. അബൂദബി മാരത്തൺ നവംബറിലായിരിക്കും നടക്കുക. ഫോർമുല വണും അബൂബദിയിൽ ഇതേസമയത്തായിരിക്കും. അടുത്ത പത്ത് വർഷത്തേക്ക് ഫോർമുലവൺ നടത്താനുള്ള അവകാശം അബൂദബിക്ക് ലഭിച്ചിട്ടുണ്ട്. മുബദല വേൾഡ് ടെന്നിസ് ചാമ്പ്യൻഷിപ്പിനും അബൂദബി വേദിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.