ദുബൈ: കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളുടെ ഭാഗമായി സ്വർണ ശുദ്ധീകരണ ശാലകളുടെ മേൽ നിരീക്ഷണം ശക്തമാക്കി യു.എ.ഇ സാമ്പത്തിക മന്ത്രാലയം. കർശനമായ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ നിക്ഷേപകർക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി സാമ്പത്തിക ഇതര സ്ഥാപനങ്ങൾ, പ്രഫഷനലുകൾ എന്നിവയുടെ മേലുള്ള നിരീക്ഷണമാണ് കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വർണ ശുദ്ധീകരണ ശാലകളിൽ നടക്കുന്ന പ്രധാനപ്പെട്ട മൂന്ന് നിയമലംഘനങ്ങളെ കുറിച്ച് അധികൃതർ മുന്നറിയിപ്പുനൽകി.
അപകട സാധ്യത തിരിച്ചറിയാനാവശ്യമായ നടപടിക്രമങ്ങളും മുൻകരുതലുകളും എടുക്കുന്നതിലുള്ള പരാജയം, സംശയാസ്പദമായ ഇടപാടുകൾ ഫിനാൻഷ്യൽ ഇന്റലിജൻസിനെ അറിയിക്കുന്നതിലുള്ള വീഴ്ച, തീവ്രവാദ നിരീക്ഷണ പട്ടികയിലുള്ള പേരുകൾക്കെതിരായ ഉപഭോക്തൃ, ഇടപാട് വിവരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച എന്നിവയാണ് മൂന്ന് പ്രധാന നിയമലംഘനങ്ങളെന്ന് അധികൃതർ അറിയിച്ചു.
അംഗീകാരമുള്ള സ്വർണ വിതരണ ശൃംഖലകൾക്കായി ജാഗ്രതാ നയം നടപ്പാക്കുന്നത് യു.എ.ഇയിലെ സ്വർണ മേഖലയിലും വിലയേറിയ ലോഹങ്ങളുടെ വ്യാപാരം, നിർമാണം എന്നിവയിലും മന്ത്രാലയത്തിന്റെ പങ്ക് വർധിപ്പിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അൽ സാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.