ദുബൈ: ഗസ്സയിൽനിന്ന് പരിക്കേറ്റവരും അർബുദ ബാധിതരുമായ ചികിത്സ ആവശ്യമുള്ളവരുടെ 16ാമത് സംഘം അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച 1,000 പരിക്കേറ്റവർക്കും 1,000 അർബുദ രോഗികൾക്കും ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇവരെ എത്തിച്ചത്. ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയാണ് 25 അടിയന്തര ചികിത്സ ആവശ്യമുള്ളവരും 51 കുടുംബാംഗങ്ങളും അടക്കമുള്ളവരെ കൊണ്ടുവന്നത്.
അബൂദബിയിലെത്തിയ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി. ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിത്സ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നത്.
ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്. യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത്.
യു.എ.ഇ എയർഫോഴ്സും ഈജിപ്ഷ്യൻ എയർഫോഴ്സ് വിമാനങ്ങളും സംയുക്തമായി ആകാശമാർഗവും സഹായം എത്തിക്കുന്നുണ്ട്. ദൈനംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.