അബൂദബി: പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന യമനിലേക്ക് വീണ്ടും സഹായഹസ്തവുമായി യു.എ.ഇ. യമനിലെ ശബ്വ പ്രവിശ്യയിലെ ആരോഗ്യമേഖലക്ക് സഹായമെത്തിക്കുന്നതിന് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനാണ് ധാരണപത്രം ഒപ്പുവെച്ചിരിക്കുന്നത്. ആശുപത്രികളിലേക്ക് ഡോക്ടർമാരെയും അവശ്യവസ്തുക്കളും ഉപകരണങ്ങളും എത്തിക്കുന്നതിനാണ് ഫൗണ്ടേഷൻ സഹായിക്കുക. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശമനുസരിച്ചാണ് സഹായം എത്തിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ശബ്വ ആശുപത്രികളുടെ അറ്റകുറ്റപ്പണികൾ, പുനരുദ്ധാരണം, മെഡിക്കൽ സപ്ലൈസ് സ്റ്റോക്ക് ചെയ്യുക, യമൻ ജനതക്ക് മതിയായ ആരോഗ്യ സേവനങ്ങൾ നൽകാൻ ഡോക്ടർമാരെയും സ്പെഷലിസ്റ്റുകളെയും നിയമിക്കുക എന്നിവ പദ്ധതിയിൽ ഉൾപ്പെടും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തകർന്ന നാല് ആശുപത്രികളുടെ പുനരുദ്ധാരണമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പിന്നീട് പ്രവിശ്യയിലെ 12 ആശുപത്രികളുടെ കൂടി പ്രവർത്തനങ്ങൾ മികച്ചതാക്കും. ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലെ ആശുപത്രികളാണ് ആദ്യം പരിഗണിക്കുന്നത്.
പദ്ധതി മേഖലയെ സംബന്ധിച്ച് സുപ്രധാനമാണെന്നും ഖലീഫ ഫൗണ്ടേഷന് നന്ദിയറിയിക്കുന്നതായും ശബ്വ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സലീം അൽ നസി പറഞ്ഞു. പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ വിവിധ യമനി ഉദ്യോഗസ്ഥർ പങ്കെടുത്തു.
കഴിഞ്ഞകാലങ്ങളിലും യമനി ജനതക്ക് വിവിധ സന്ദർഭങ്ങളിൽ യു.എ.ഇ ആരോഗ്യ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. യമനിലെ ഹളർമൗത്ത് ഗവർണറേറ്റിൽ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ മൊബൈൽ ക്ലിനിക് ഏകദേശം 16,000 പേർക്ക് ആരോഗ്യസേവനങ്ങൾ നൽകിയിട്ടുണ്ട്. ഗവർണറേറ്റുകളായ ശബ്വ, ഹളർമൗത്ത്, തായിസ്, ഹുദൈദ, ഏദൻ, സൊകോത്ര എന്നിവിടങ്ങളിലെ റമദാൻ പരിപാടികളിൽനിന്ന് ഏഴു ദശലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.