ദുബൈ: ‘ലോകത്തെ ഏറ്റവും മനോഹര ൈശത്യകാലം’ എന്ന തലക്കെട്ടിൽ ഡിസംബർ ആദ്യ വാരത്തിൽ ആരംഭിച്ച വിനോദസഞ്ചാര കാമ്പയിൻ വഴി യു.എ.ഇക്ക് വൻനേട്ടം. കഴിഞ്ഞ വർഷത്തേക്കാൾ 30കോടി കൂടുതൽമുഴുവൻ എമിറേറ്റുകളിലേക്കും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് സംഘടിപ്പിക്കപ്പെട്ട കാമ്പയിൻ അവസാനിച്ചപ്പോൾ ഹോട്ടൽ മേഖലക്കാണ് ഏറ്റവും വലിയ നേട്ടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. കാമ്പയിൻ വഴി ഹോട്ടൽ മേഖല 180കോടി ദിർഹമിന്റെ വരുമാനമാണുണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ കാമ്പയിനിൽ 150കോടി ദിർഹമായിരുന്നു ഇത്.
14ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ വിവിധ എമിറേറ്റുകൾ സന്ദർശിക്കാൻ കാമ്പയിൻ കാലം ഉപയോഗപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. ലോകത്താകമാനമുള്ള വിനോദ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാൻ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്തുള്ള കാമ്പയിൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ മൂന്നാം എഡിഷനാണ് ഇത്തവണ നടന്നത്. അജ്മാനിലെ അൽ സുഹ്റ നാച്ചുറൽ റിസർവിലാണ് ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
രാജ്യത്തെ ടൂറിസം, പ്രകൃതി മനോഹാരിത, വിനോദകേന്ദ്രങ്ങൾ എന്നിവയെ ഉയർത്തിക്കാണിച്ച കാമ്പയിൻ കാലത്ത് ദേശീയ സമ്പദ്വ്യവസ്ഥക്കും ആഭ്യന്തര ടൂറിസത്തിനും പ്രകടമായ നേട്ടം കൈവരിക്കാനായിട്ടുണ്ട്. കാമ്പയിനിൽ 260ലധികം പ്രൊമോഷനൽ വിഡിയോകൾ യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസ് നിർമിച്ചു പുറത്തിറക്കിയിട്ടുണ്ട്.
വെള്ളമണലും ചെങ്കോട്ടയും മസ്ഫൂത്ത് പർവതനിരകളും അൽ മനാമ താഴ്വരകളും നിറഞ്ഞ അജ്മാനാണ് ഈ വർഷത്തെ ശൈത്യകാല കാമ്പയിനിന്റെ ആരംഭ സ്ഥാനമെന്ന് ശൈഖ് മുഹമ്മദ് തുടക്കത്തിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. യു.എ.ഇയുടെ സൗന്ദര്യം, ഗ്രാമങ്ങൾ, താഴ്വരകൾ, പർവതങ്ങൾ, കരയുടെയും കടലിന്റെയും മഹത്ത്വം എന്നിവ ഉയർത്തിക്കാട്ടുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്നും ഇമാറാത്തി ജനതയുടെ മൂല്യങ്ങളാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.