ദുബൈ: രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവിസിൽ ടിക്കറ്റ് റിസർവ് ചെയ്യാനും നോൾ കാർഡ് ഉപയോഗിക്കാം. ഇതിനായി പ്രത്യേക പേമെന്റ് സംവിധാനം ആർ.ടി.എ വികസിപ്പിക്കും. ദുബൈയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ഇത്തിഹാദ് റെയിലും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തി.
രാജ്യത്തെല്ലായിടത്തും ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു. സമഗ്രവും ഉപഭോക്തൃ സൗഹൃദപരവും കാര്യക്ഷമവുമായ ഡിജിറ്റൽ സേവനങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2009ലാണ് ആർ.ടി.എ ദുബൈയിൽ നോൾകാർഡ് അവതരിപ്പിച്ചത്. ഇതുവരെ 30 ദശലക്ഷം കാർഡുകളാണ് പുറത്തിറക്കിയത്. ഇതുവഴി അഞ്ചു ദശലക്ഷം പേർ ദുബൈയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പരമ്പരാഗത നോൾ കാർഡ് സംവിധാനത്തിന്റെ നവീകരണവും അടുത്തിടെ ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് കാർഡുകൾക്കുപകരം ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. കേന്ദ്രീകൃതമായ ഗതാഗത താരിഫ് വാലറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, അൽ സിലയിൽനിന്ന് ഫുജൈറ വരെ 11 നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കുന്ന കൃത്യമായ തീയതി അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ വേഗത.
മറ്റ് ഗതാഗത സംവിധാനങ്ങളുമായി താരമത്യം ചെയ്യുമ്പോൾ യാത്രാസമയം 30 മുതൽ 40 ശതമാനം വരെ കുറക്കാൻ ട്രെയിൻ സർവിസിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2030ഓടെ ട്രെയിൻ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചർ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി അബൂദബി നഗരത്തിനും അൽ ദന്ന മേഖലക്കും ഇടയിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.