ദുബൈ: ഭൂകമ്പം ദുരിതംവിതച്ച തുർക്കിയയിൽ യു.എ.ഇ വീണ്ടും ഫീൽഡ് ആശുപത്രി തുറന്നു. ഹത്തായയിലെ റെയ്ഹൻലിയിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഫീൽഡ് ആശുപത്രി തുറന്നത്. 200 പേർക്ക് കിടത്തിച്ചികിത്സക്കുള്ള സൗകര്യമുണ്ട്. നേരത്തേ 50 പേരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രി തുറന്നതിനു പിന്നാലെയാണ് കൂടുതൽ വലിയ ആശുപത്രി തുറന്നത്.
പുതിയ ആശുപത്രിയിൽ 20 ഐ.സി.യു ബെഡുകളുണ്ട്. രണ്ട് ഓപറേഷൻ റൂമും ഐ.സി.യുവുമുണ്ട്. ഒരു ലബോറട്ടറിയും ഫാർമസിയും ആശുപത്രിയോടു ചേർന്ന് പ്രവർത്തിക്കുന്നു. ദുരന്തത്തിനിരയായ നിരവധി പേരാണ് ഇവിടേക്ക് ചികിത്സ തേടിയെത്തുന്നത്. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും തുടർചികിത്സക്കായി ആശുപത്രികൾ തേടുന്ന അവസ്ഥയുണ്ട്. ഇവർക്ക് ആശ്വാസമാണ് യു.എ.ഇയുടെ ഫീൽഡ് ആശുപത്രി.
തുർക്കിയയിലെ യു.എ.ഇ അംബാസഡർ സഈദ് താനി ഹരബ് അൽ ധാഹിരിയുടെയും മെഡിക്കൽ സർവിസ് കമാൻഡർ ഡോ. സർഹാൻ അൽ നിയാദിയുടെയും സാന്നിധ്യത്തിലാണ് ആശുപത്രി തുറന്നത്. അഞ്ചു ദിവസംകൊണ്ടാണ് ഹോസ്പിറ്റൽ പൂർത്തിയാക്കിയത്.
തുർക്കിയയിലെയും സിറിയയിലെയും ദുരന്തബാധിതർക്ക് സാന്ത്വനമേകാൻ യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലൻഡ് നൈറ്റ്-2വിന്റെ ഭാഗമായാണ് ഫീൽഡ് ആശുപത്രി തുറന്നത്. കഴിഞ്ഞ 13നാണ് ഗാസിയാന്റപ്പിൽ ആദ്യ ഫീൽഡ് ആശുപത്രി തുറന്നത്. വിദഗ്ധരായ ഇമാറാത്തി മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.