ദുബൈ: ഭൂകമ്പത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന സിറിയൻ ജനതക്ക് ബലിപെരുന്നാൾ ദിനത്തിൽ യു.എ.ഇയുടെ കൈത്താങ്ങ്. ബലിപെരുന്നാളിനോടനുബന്ധിച്ച് അറുത്ത മൃഗങ്ങളുടെ മാംസം സിറിയൻ ജനതക്കായി യു.എ.ഇ സംഭാവന ചെയ്തു. അറബ് റെഡ് ക്രസന്റിന്റെ സഹകരണത്തോടെ യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ (ഇ.ആർ.സി) നേതൃത്വത്തിലാണ് 2000 പോർഷൻ ഇറച്ചി വിതരണം ചെയ്തത്.
അദാഹി സംരംഭത്തിന് കീഴിൽ ഓപറേഷൻ ഗാലൻ നൈറ്റ് 2ന്റെ ഭാഗമായിട്ടായിരുന്നു സഹായവിതരണം. സിറിയയെ സഹായിക്കുന്നതിനായി രൂപം നൽകിയ പദ്ധതിയാണ് ഓപറേഷൻ ഗാലന്റ് നൈറ്റ് 2. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച അലപ്പോ, ലതാക്കിയ, ഹമ എന്നീ മേഖലകളിൽ 500 പോർഷൻ വീതമാണ് ഇറച്ചി വിതരണം ചെയ്തത്. ഏതാണ്ട് ലക്ഷത്തോളം ഗുണഭോക്താക്കളിലേക്ക് സഹായം എത്തിക്കാനായതായി സിറിയയിലെ ഇ.ആർ.സി തലവൻ മുഹമ്മദ് ഖാമിസ് അൽ കാബി പറഞ്ഞു.
ഈദുൽ അദ്ഹയുടെ ഭാഗമായി 40,000 പേർക്ക് തുണിത്തരങ്ങളും ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും ഇ.ആർ.സി വിതരണം ചെയ്തിരുന്നു. ലതാക്കിയ ഭൂകമ്പത്തിൽ തകർന്ന 40 സ്കൂളുകളുടെ പുനരുദ്ധാരണവും ഇ.ആർ.സി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സിറിയൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് അധഃസ്ഥിത വിഭാഗത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്താൻ സഹായിക്കുമെന്ന് ജൂൺ പകുതിയിൽ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. മരുന്നും അവശ്യ ഭക്ഷ്യവസ്തുക്കളും മറ്റ് മെഡിക്കൽ ഉപകരണങ്ങളുമായി 186 വിമാനങ്ങളും നാല് കപ്പലുകളും ഇതിനകം യു.എ.ഇ സിറിയയിലേക്ക് അയച്ചുകഴിഞ്ഞു. 2,000 ടൺ സഹായങ്ങളുമായി ജൂൺ തുടക്കത്തിൽ നാലാമത്തെ ചരക്കു കപ്പൽ സിറിയയിലെ ലതാകിയ തുറമുഖത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.