ദുബൈ: ഇടപാടുകാർക്ക് മുൻകൂർ ശമ്പളം വാഗ്ദാനം ചെയ്തിരുന്ന പദ്ധതി ദുബൈ ഇസ്ലാമിക് ബാങ്ക് നിർത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശരീഅത്ത് നിയമപ്രകാരം പ്രവർത്തിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ ബാങ്കായ ദുബൈ ഇസ്ലാമിക് ബാങ്കിന്റെ ഏറ്റവും ജനകീയമായ പദ്ധതികളിൽ ഒന്നായിരുന്നു ‘സാലറി ഇൻ അഡ്വാൻസ്’.
സാമ്പത്തിക പ്രയാസം നേരിടുന്ന സമയങ്ങളിൽ ശമ്പളക്കാരായ ഇടപാടുകാർക്ക് ബാങ്കിൽനിന്ന് മുൻകൂറായി ശമ്പളം കൈപ്പറ്റാനുള്ള സൗകര്യം നൽകുന്നതാണ് പദ്ധതി. പ്രവർത്തനങ്ങളും ഇടപാടുകളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് പദ്ധതി നിർത്തലാക്കാൻ തീരുമാനമെടുത്തതെന്ന് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, ജീവനക്കാരുടെ സാമ്പത്തികക്ഷേമം നിലനിർത്തുന്നതിന് ബദൽ മാർഗങ്ങൾ ആരായുമെന്നും ബാങ്ക് അറിയിച്ചു.
ദുബൈ ഇസ്ലാമിക് ബാങ്ക് ആരംഭിച്ചതിനു പിന്നാലെ യു.എ.ഇയിലെ മറ്റ് പ്രാദേശിക ബാങ്കുകളും പദ്ധതി നടപ്പാക്കിയിരുന്നു. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി പേരാണ് പദ്ധതി ഉപയോഗപ്പെടുത്തിയിരുന്നത്. ഓൺലൈൻ ബാങ്കിങ്/ എ.ടി.എം വഴി അപേക്ഷ സമർപ്പിച്ചാൽ പദ്ധതി ഉപയോഗപ്പെടുത്താം. ഇതിന് ചെറിയ ഒരു ഫീസും ബാങ്ക് ഈടാക്കിയിരുന്നു.
പദ്ധതിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ ഇടപാടുകാരെ അറിയിക്കുമെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം ബാങ്ക് ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയിരുന്നു. 700 കോടിയായിരുന്നു കമ്പനിയുടെ അറ്റ ലാഭം. 2022നെ അപേക്ഷിച്ച് ലാഭത്തിൽ 26 ശതമാനമാണ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.