ദുബൈ: ആഗോള സമ്പദ്വ്യവസ്ഥയിൽ രാജ്യത്തിെൻറ പങ്ക് ക്രമാനുഗതമായി മെച്ചപ്പെട്ടു വരികയാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.
എക്സ്പോ 2020 ദുബൈയിലെ ഡി.പി വേൾഡ് പവലിയൻ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും കണക്ടിവിറ്റി വിപുലീകരിക്കുന്നതിനും ശക്തമായ ലോജിസ്റ്റിക് നെറ്റ്വർക്കുകൾ സൃഷ്ടിക്കുന്നതിനും രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ആഗോള സമ്പദ്വ്യവസ്ഥയിൽ യു.എ.ഇക്ക് സാന്നിധ്യം മെച്ചപ്പെടുത്താനായി. രാഷ്ട്ര സ്ഥാപകരുടെ കാഴ്ചപ്പാടിനനുസരിച്ച് മുന്നോട്ടുപോവുന്നതിലൂടെ വികസനം ശക്തിപ്പെടുത്താനും ഭാവിയെ രൂപപ്പെടുത്താനും സാധിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ ഡി.പി വേൾഡിെൻറ ഉൽപന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
ഡി.പി വേൾഡിെൻറ എക്സ്പോ പവലിയൻ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പ്രദർശനങ്ങളിലൊന്നാണ്. നിരവധി സന്ദർശകരാണ് ലോകത്തിലെ ഏറ്റവും വലിയ തുറമുഖ ഓപറേറ്റർമാരിൽ ഒന്നായ കമ്പനിയുടെ പ്രദർശനം കാണാനെത്തുന്നത്. 68 രാജ്യങ്ങളിലായി 190 ബിസിനസ് യൂനിറ്റുകളുടെ പരസ്പരബന്ധിതമായ ആഗോള ശൃംഖലയുണ്ട് ഡി.പി വേൾഡിന്. കമ്പനി സി.ഇ.ഒയും ചെയർമാനുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായമും മറ്റു ഉന്നത ഉദ്യോഗസ്ഥരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.