റാസല്‍ഖൈമ: യു.എ.ഇയുടെ ബഹിരാകാശ നേട്ടത്തിന് ആദരമര്‍പ്പിച്ച് ‘സ്പേസ് വാക്ക്’ പ്രദര്‍ശനം സംഘടിപ്പിച്ച് റാക് ഇന്ത്യന്‍ സ്കൂള്‍. ബഹിരാകാശ പര്യവേക്ഷണത്തെ ആസ്പദമാക്കി വിദ്യാര്‍ഥികളുടെ മുന്‍കൈയില്‍ തയാറാക്കിയ മോഡലുകളും പ്രോജക്ടുകളും പ്രദര്‍ശനവേദിയില്‍ സ്ഥാനം പിടിച്ചു.
ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. ബഹിരാകാശത്ത് ആദ്യമായി നടക്കുന്ന അറബ് പൗരനെന്ന ചരിത്രമെഴുതിയ സുൽത്താൻ അൽ നിയാദിക്ക് ആദരമർപ്പിക്കുന്നതായിരുന്നു പരിപാടി.
ബഹിരാകാശം, ഗോളങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിജ്ഞാനീയങ്ങളും മനുഷ്യരുടെ ബഹിരാകാശ യാത്രയെക്കുറിച്ചുള്ള വിവരണവും പ്രദര്‍ശനം വീക്ഷിക്കാനെത്തിയവരില്‍ കൗതുകമുണര്‍ത്തി. ലോകത്തെ വിപ്ലവകരമായ സാങ്കേതിക പുരോഗതിയിലേക്ക് നയിച്ച് അവബോധം വളര്‍ത്താനുതകുന്ന പ്രദര്‍ശനം പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടിയുടെയും അധ്യാപകരുടെയും മാര്‍ഗനിർദേശങ്ങളോടെയാണ് സംഘടിപ്പിച്ചത്.
ബഹിരാകാശ രംഗത്ത് യു.എ.ഇ എത്തിപ്പിടിച്ച നേട്ടങ്ങളും ആദ്യ യാത്രികന് ഹസ്സ അല്‍ മന്‍സൂരിയുടെയും നിലവില്‍ ബഹിരാകാശ നിലയത്തിലുള്ള സുല്‍ത്താന്‍ അല്‍ നിയാദിയുടെയും പര്യവേക്ഷണങ്ങളും ചാന്ദ്രപേടകം റാഷിദ് റോവര്‍, ചൊവ്വ പേടകം അല്‍ അമല്‍ എന്നിവയെക്കുറിച്ച വിവരണങ്ങളും എക്സിബിഷനെ ശ്രദ്ധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.