പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം കണ്ടതില്ലാ....

ദുബൈ: പ്രവാസിയുടെ നോവിനെ ഇത്രമേൽ തിരിച്ചറിഞ്ഞ ഒരു ഗായകൻ മലയാളത്തിലുണ്ടാവില്ല. ത​​​െൻറ വരികളിൽ വിവരിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നിനെപ്പോലെ പൊടുന്നനെ​യെങ്ങോ ഉമ്പായി മടങ്ങു​േമ്പാൾ നഷ്​ടമാകുന്നത്​ മലയാളം ഗസൽ ശാഖ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാ ഗായകനെത്തന്നെയാണ്​. 

ഉമ്പായിയെ  മൂളാത്ത ഒരു പ്രവാസിയെ കണ്ടെത്തുകയും പ്രയാസം. കൊച്ചിയുടെ കടൽക്കാറ്റ്​ പാറിച്ചു കൊണ്ട​ുവന്നതിലേറെ ഉപ്പുരസമുണ്ടായിരുന്നു ഒാരോ പാട്ടിൻ തലപ്പിലും, അത്​ നിർബന്ധിത വിരഹത്തിന്​ വിധിക്കപ്പെട്ടവരുടെ കണ്ണീരി​​​െൻറയും വിയർപ്പി​​​െൻറയും ഉപ്പായിരുന്നു. അതു കൊണ്ടു തന്നെ ഗൾഫിലെവിടെ ഉമ്പായിയുടെ സംഗീത പരിപാടികൾ നടന്നാലും കേൾക്കാൻ ആഡംബര ഫ്ലാറ്റുകളിൽ നിന്നും ലേബർ ക്യാമ്പുകളിൽ നിന്നും ഒര​ുപോലെ ആളുകൾ ഒഴുകിയെത്തി. ഷാർജ പുസ്​തകോത്സവത്തി​​​െൻറ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹമായ സന്ധ്യയും സദ്യയുമായിരുന്നു ഉമ്പായിയുടെ പുസ്​തക പ്രകാശനം നടന്ന സായാഹ്​നം. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ കേൾവിക്കാർ ആ ശബ്​ദത്തിൽ അലിഞ്ഞ്​ ഒന്നായി ഒഴുകിയ ചരിത്ര ദിവസം. വേണു.വി.ദേശം, ഒ.എൻ.വി, സച്ചിദാനന്ദൻ തുടങ്ങിയ മലയാളത്തി​​​െൻറ പ്രിയ കവികൾക്കെല്ലാം ഒരു കൂട്ടം പുത്തൻ ആസ്വാദകരെ നേടിക്കൊടുക്കുന്നതിന്​ ഇൗ മാന്ത്രിക ശബ്​ദം വലിയൊരു പങ്കുവഹിച്ചു.   വെറും പുസ്തകത്താളുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ആ പാട്ടുകള്‍ പ്രചരിപ്പിച്ചതില്‍ അദ്ദേഹത്തി​​​െൻറ പങ്ക്​ ഏറെ വലുതാണെന്ന്​ കവി സച്ചിദാനന്ദൻ അനുശോചനക്കുറിപ്പിൽ നന്ദിപൂർവം ഒാർമ്മിച്ചതും അതു കൊണ്ടു തന്നെ.

മാധ്യമത്തി​​​െൻറയും മീഡിയാ വണ്ണി​​​​െൻറയും പ്രിയ സുഹൃത്തായിരുന്നു ഇൗ മഹാ കലാകാരൻ. മാനവിക ​കലാലോകത്തി​നു സംഭവിച്ച ഇൗ തീരാ നഷ്​ടത്തി​​​െൻറ ദുഖത്തിൽ ഗൾഫ്​മാധ്യമവും പങ്കുചേരുന്നു. 

മരുന്നിനേക്കാൾ മാസ്​മരികം ആ സ്​നേഹനാദം
ദുബൈ: മരുന്നുകളേക്കാൾ ഉപ്പക്ക്​ ആശ്വാസമായിരുന്നു ആ സ്​നേഹനാദം. എറണാകുളം വെൽകെയർ ആശുപത്രിയിൽ ചികിത്സക്ക്​ കൊണ്ടുപോയിരുന്നതും ഡോ.വി.പി. ഗംഗാധര​​​െൻറ അപ്പോയിൻമ​​െൻറ്​ എടുത്തിരുന്നതുമെല്ലാം ഉമ്പായിക്കയായിരുന്നു^ മാന്ത്രിക ഗായകൻ എന്നതിലുപരി തുല്യതയില്ലാത്ത മനുഷ്യസ്​നേഹിയായ ഉമ്പായിയെ ഒാർമിക്കു​േമ്പാൾ ദല പി.ആർ. കൺവീനറും കണ്ണൂർ കൂത്തുപറമ്പ്​ സ്വദേശിയുമായ ദിയാസിന്​ കണ്ണു നിറയുന്നു. എട്ടു^പത്ത്​ വർഷം മുൻപാണ്​ ഉമ്പായിക്കയുമായി പരിചയപ്പെടുന്നത്​.

അദ്ദേഹത്തി​​​െൻറ തബലിസ്​റ്റായിരുന്ന അയൽവാസി റോഷൻ മുഖേനയാണ് അടുപ്പമാവുന്നത്​​. പിന്നീട്​ റോഷൻ പോയെങ്കിലും റിയാസും ഉമ്പായിയും തമ്മിലെ ബന്ധം കൂടുതൽ ദൃഢമായി തുടർന്നു. യു.എ.ഇയിൽ എവിടെ സംഗീത സദസ്സ്​ നടത്തിയാലും നിഴലായി റിയാസ്​ ഒപ്പമുണ്ടാകുമായിരുന്നു. അതിനിടയിലാണ്​ ഉപ്പ പേരാ​മ്പ്ര മുഹമ്മദിന്​ അർബുദബാധ കണ്ടെത്തിയത്​. ആശ്രയം നൽകിയും ആശ്വസിപ്പിച്ചും ഉമ്പായിയും കുടുംബവും കൂടെ നിന്നു. പരിശോധനക്കായി വരു​േമ്പാൾ കൊച്ചിയിലെ അബാദ്​ ഹോട്ടലിൽ മുറി ഒരുക്കിയിരുന്നതും അദ്ദേഹം തന്നെ. പരിപാടികളുടെ തിരക്കിനിടയിലും ആശുപത്രിയിൽ വന്ന്​ ഉപ്പയുടെ ചാരത്തിരുന്ന്​ പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു. മരുന്നുകൾ കൊണ്ട്​ വലിയ പ്രയോജനമുണ്ടെന്ന്​ കരുതുന്നില്ലെന്നും പക്ഷെ ഉമ്പായിയുടെ പാട്ട്​ കേൾക്കു​േമ്പാൾ ജീവിതത്തെക്കുറിച്ച്​ പ്രതീക്ഷ തിരിച്ചുവരുന്നതായും ഉപ്പ പറയുമായിരുന്നു.

മൂന്നു മാസം മുൻപ്​ ഉമ്പായിക്കക്ക്​ അസുഖബാധയുണ്ടെന്നറിഞ്ഞ്​ അദ്ദേഹത്തെ സ്​നേഹിക്കുന്നവരെല്ലാം തളർന്നുപോയിരുന്നു^തളർച്ചയില്ലാതെ പ്രതീക്ഷയോടെ ജീവിച്ചത്​ ഒരാൾ മാത്രമായിരുന്നു^അദ്ദേഹം തന്നെ. ഇൗയിടെ ഉമ്പായി മ്യുസിക്​ അക്കാദമിയുടെ ഉദ്​ഘാടന ചടങ്ങ്​ നടക്കു​േമ്പാൾ എന്താടാ മുഖം വല്ലാതെയിരിക്കുന്നത്​ എന്ന്​ ചോദിച്ച്​ ശാസിച്ച്​ ഉമ്പായിക്ക അടുത്തു വന്നു. അസുഖം ഉടൻ മാറുമെന്നും നമുക്കിനിയും ദുബൈയിൽ നല്ലൊരു സദസ്സിനുവേണ്ടി പാടണമെന്നും പറഞ്ഞ്​ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം^ ഖബറടക്ക ചടങ്ങിൽ പ​െങ്കടുക്കാൻ കൊച്ചിയിലേക്ക്​ പുറപ്പെടുന്നതിനിടെ റിയാസ്​ പറഞ്ഞു നിർത്തി.   


 

Tags:    
News Summary - umbayi-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.