ദുബൈ: ഉമ്മുൽഖുവൈൻ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. കോവിഡിനെതിരെ രാജ്യം തുടരുന്ന പോരാട്ടത്തിെൻറ രണ്ടാംഘട്ടമെന്നോണം ആരംഭിച്ച കോവിഡ് വാക്സിൻ ഡ്രൈവിലാണ് ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല ഫൈസർ വാക്സിൻ സ്വീകരിച്ചത്. കഴിഞ്ഞവർഷം നവംബറിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം വാക്സിൻ സ്വീകരിച്ചിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, വിദേശ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും കഴിഞ്ഞവർഷം വാക്സിൻ സ്വീകരിച്ചിരുന്നു.
കോവിഡിൽനിന്നും സംരക്ഷണമൊരുക്കാൻ ഇൗവർഷം ആദ്യപാദത്തിൽതന്നെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർക്കും കുത്തിവെപ്പ് നൽകാനുള്ള പദ്ധതിക്ക് അനുസൃതമായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം രാജ്യത്തുടനീളം വ്യാപകമായ രീതിയിലാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
വാക്സിൻ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ എന്നിവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം ഒരു ദേശീയ കാമ്പയിൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മഹാമാരിക്കെതിരായ പ്രതിരോധത്തിെൻറ തോത് വർധിപ്പിക്കുന്നതിനും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായി കഴിഞ്ഞ വർഷം അവസാനത്തോടെയാണ് രാജ്യം ഫൈസർ വാക്സിന് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.