ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടുനിന്ന യു.എ.ഇയുടെ 51ാമത് ദേശീയ ദിനാഘോഷ പരിപാടികൾ സമാപിച്ചു. അസോസിയേഷൻ അങ്കണത്തിൽ നടന്ന വിപുലമായ ആഘോഷ പരിപാടികളിൽ ഉമ്മുൽഖുവൈൻ രാജകുടുംബാംഗങ്ങൾ അടക്കം അറബ് പ്രമുഖരും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുത്തു.സുൽത്താൻ റാഷിദ് അൽഖർജി, കോൺസൽ ബിജേന്ദർ സിങ്, അസോസിയേഷൻ പ്രസിഡന്റ് സജാദ് നാട്ടിക എന്നിവർ ചേർന്ന് 51 കിലോ വരുന്ന ലുലു കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
ഉമ്മുൽഖുവൈനിലെ മൂന്ന് ഇന്ത്യൻ സ്കൂളുകളിൽനിന്നും കലാകേന്ദ്ര, അസോസിയേഷൻ അംഗങ്ങളിൽ നിന്നുമുള്ള വിവിധയിനം കലാപരിപാടികൾ ആഘോഷത്തിന് നിറപ്പകിട്ടേകി. അറബ് പൈതൃകം വിളിച്ചോതുന്ന ഫുഡ് സ്റ്റാളുകളും ഫോട്ടോ പ്രദർശനവും ഒരുക്കിയിരുന്നു. ഇംഗ്ലീഷ് സ്കൂളിന്റെ ബാൻഡ് മേളവും പരേഡും ശ്രദ്ധേയമായി. അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാനവും നോർക്ക ക്ഷേമനിധി ഹെൽപ് ഡെസ്കുമായി ചേർന്ന് ക്ഷേമനിധി അംഗത്വമെടുപ്പിക്കലും പെൻഷൻ പദ്ധതിയിൽ ചേർക്കലും നടന്നു.
കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇ ഓപൺ ഷട്ടിൽ ടൂർണമെൻറും അരങ്ങേറി. ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹ്ദിൻ സ്വാഗതം പറഞ്ഞു.കോൺസൽ ബിജേന്ദർ സിങ് മുഖ്യപ്രഭാഷണം നടത്തി. സുൽത്താൻ റാഷിദ് അൽഖർജി, കമ്യൂണിറ്റി പൊലീസ് ചീഫ് നാസർ സുൽത്താൻ, മുൻ പ്രസിഡന്റ് സി.എം. ബഷീർ എന്നിവർ ആശംസ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർ റാഷിദ് പൊന്നാണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.