ദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ഐക്യരാഷ്ട്ര സഭയുടെ 28ാമത് കാലാവസ്ഥ ഉച്ചകോടി (കോപ്-28) സദ്ഫലങ്ങൾ സൃഷ്ടിക്കുമെന്നും ലോകത്തെ പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്നും പ്രതീക്ഷ പങ്കുവെച്ച് പരിപാടിയുടെ ഡയറക്ടർ ജനറൽ മാജിദ് അൽ സുവൈദി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചത്.
ഗവൺമെന്റുകൾ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി, നോൺ-സ്റ്റേറ്റ് പ്രവർത്തകർ എന്നിവരെ ഒരുമിപ്പിക്കുന്ന ഉച്ചകോടി എല്ലാ തരത്തിലും മികച്ച ഫലം ചെയ്യും. വലിയ പദ്ധതികളിൽ എപ്പോഴും സർക്കാറിനെയും സ്വകാര്യ മേഖലയെയും ഒരുമിപ്പിച്ച രാജ്യമെന്ന നിലയിൽ ഇക്കാര്യത്തിൽ യു.എ.ഇക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം, ഏറ്റവും ശരിയായ പരിഹാരങ്ങളും യഥാർഥ നടപടികളും സംബന്ധിച്ച് ചർച്ച നടക്കണമെന്ന് പറഞ്ഞു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലം മുതൽ രാജ്യം ഈ വിഷയത്തിൽ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ മൂന്ന് വലിയ സോളാർ പ്ലാന്റുകൾ ഞങ്ങൾക്കുണ്ട്. ഊർജ ഉപഭോഗം കുറക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചുവരുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബൈ എക്സ്പോ സിറ്റിയിൽ അരങ്ങേറുന്ന കോപ്-28ന്റെ ലോഗോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘ഒരു ലോകം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി യു.എ.ഇ വികസിപ്പിക്കുന്നത്. ലോകമെമ്പാടും സമഗ്ര സുസ്ഥിര വികസനം രൂപപ്പെടുത്തുന്നതിന് എല്ലാ മേഖലകളിലും നവീകരണം ആവശ്യമാണെന്ന കാഴ്ചപ്പാടാണ് സമ്മേളനത്തിലൂടെ പങ്കുവെക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.