അബൂദബി: ഹാൻഡ് സാനിറ്റൈസറുകളുടെ അനിയന്ത്രിതമായ ഉപയോഗം കുട്ടികളുടെ കണ്ണിന് ഗുരുതരമായ അപകടസാധ്യതയുണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധർ. കഴിഞ്ഞദിവസം നാല് വയസ്സുള്ള പെൺകുട്ടിയുടെ കണ്ണിൽ ഹാൻഡ് സാനിറ്റൈസർ ജെൽ തെറിച്ച് സാരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ഈ കുട്ടിയുടെ ചികിത്സ വിജയകരമായി പൂർത്തിയായി. പൊതുസ്ഥലത്തെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെയാണ് കുട്ടിയുടെ കണ്ണിൽ ജെൽ തെറിച്ചത്. എല്ലാവരും സാനിറ്റൈസർ ഉപയോഗിക്കുന്നത് കണ്ട കുട്ടി ജെൽ ഡ്രോപ്പറിെൻറ പെഡൽ അമർത്തിയപ്പോൾ സാനിറ്റൈസർ കണ്ണിൽ പതിക്കുകയായിരുന്നു. കടുത്ത വേദനയും കണ്ണ് തുറക്കാനുള്ള പ്രയാസവും അനുഭവപ്പെട്ടതിനെ തുടർന്ന് അബൂദബിയിലെ ക്ലിനിക്കിൽ എത്തിച്ചു. ഹാൻഡ് സാനിറ്റൈസറുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അപകടത്തെക്കുറിച്ച് മുതിർന്നവർ ഉൾപ്പെടെ പലർക്കും മതിയായ അറിവില്ലെന്നതാണ് യാഥാർഥ്യം. കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും ഉപയോഗിക്കുകയും അവ ലഭ്യമല്ലാത്തപ്പോൾ മാത്രം സാനിറ്റൈസറുകൾ ഉപയോഗിക്കുകയുമാണ് വേണ്ടത്.
ആൽക്കഹോളും ആൽക്കലൈൻ രാസവസ്തുക്കളുമാണ് സാനിറ്റൈസ് ചെയ്യുന്ന ജെല്ലിൽ ചേർക്കുന്നത്. ഇതുമൂലം കുട്ടികളുടെ കണ്ണിന് പരിക്കുണ്ടാകുന്നത് കോവിഡിെൻറ തുടക്കംമുതൽ ലോകമെമ്പാടും വർധിച്ചുവരുകയാണെന്ന് അബൂദബി ക്ലീവ്ലാൻറ് ക്ലിനിക്കിലെ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. ബ്രയാൻ ആംസ്‌ട്രോങ് ചൂണ്ടിക്കാട്ടി.
2019 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ കാലയളവിൽ കുട്ടികളുടെ സാനിറ്റൈസർ ഉപയോഗംമൂലമുള്ള നേത്രരോഗപ്രശ്‌നം ഏഴുമടങ്ങ് വർധിച്ചെന്ന് ഫ്രഞ്ച് സെൻറർ ഫോർ വിഷൻ കൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട്. മിക്ക ഹാൻഡ് സാനിറ്റൈസറുകളിലും ആൽക്കഹോളിെൻറ ഉയർന്നസാന്ദ്രത അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലായാൽ കോർണിയയുടെ ഉപരിതലത്തിലേക്ക് തുളച്ചുകയറും. സാനിറ്റൈസർ കണ്ണിൽ തെറിച്ചാൽ ധാരാളം വെള്ളം ഉപയോഗിച്ച് കണ്ണ് ഉടൻ കഴുകാൻ ഡോക്ടർമാർ ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.