ദുബൈ: വെസ്റ്റിൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ മലയാളി താരം അലിഷാൻ ഷറഫുവിന്റെ നായകത്വത്തിൽ യു.എ.ഇ ടീമിന് കുതിപ്പ്. എലൈറ്റ് റൗണ്ടിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും പ്ലേറ്റ് റൗണ്ടിൽ യു.എ.ഇ അണ്ടർ 19 ടീം ചാമ്പ്യന്മാരായി. ആതിഥേയരായ വെസ്റ്റിൻഡീസിനെ സെമിയിലും അയർലൻഡിനെ ഫൈനലിലും തോൽപിച്ചാണ് യു.എ.ഇ കിരീടം സ്വന്തമാക്കിയത്. അടുത്ത ലോകകപ്പിൽ യോഗ്യത റൗണ്ട് കളിക്കാതെ നേരിട്ട് യോഗ്യത നേടാനും യു.എ.ഇക്ക് കഴിഞ്ഞു.
എലൈറ്റിലെ മൂന്ന് മത്സരത്തിൽ കാനഡക്കെതിരെ മാത്രമാണ് യു.എ.ഇക്ക് ജയിക്കാൻ കഴിഞ്ഞത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെ പരാജയപ്പെട്ടതോടെ യു.എ.ഇ പുറത്തായിരുന്നു. എന്നാൽ, മികച്ച പത്ത് ടീമുകൾക്കായി നടക്കുന്ന പ്ലേറ്റ് റൗണ്ടിൽ യു.എ.ഇ മികവുറ്റ പ്രകടനം നടത്തി. ഉഗാണ്ടയെ തോൽപിച്ച് സെമിയിലെത്തിയ യു.എ.ഇയുടെ എതിരാളികൾ ആതിഥേയരും കരുത്തരുമായ വെസ്റ്റിൻഡീസായിരുന്നു. വിൻഡീസിനെ നിലംപരിശാക്കുന്ന പ്രകടനം നടത്തിയ യു.എ.ഇ 82 റൺസിനാണ് ഇവരെ തോൽപിച്ചത്. ഫൈനലിൽ അയർലൻഡിനെതിരെ അനായാസ ജയവുമായാണ് കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത് അയർലൻഡിനെ 122 റൺസിന് പുറത്താക്കിയ അലിഷാന്റെ സംഘം 26 ഓവറിൽ രണ്ട് വിക്കറ്റുമാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായാണ് അണ്ടർ 19 പ്ലേറ്റ് റൗണ്ടിൽ ചാമ്പ്യന്മാരാകുന്നത്. ടീമിലെ ഭൂരിപക്ഷം താരങ്ങളും ഇന്ത്യക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.