ദുബൈ: രാജ്യത്ത് കാലാവസ്ഥ വളരെ പെട്ടെന്ന് മാറിമറിയുന്ന സാഹചര്യത്തിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. അടുത്ത ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. താപനില നാലു ഡിഗ്രി വരെ കുറയാനും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ശൈത്യവും മഴയും ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് മുന്നറിയിപ്പിൽ പറയുന്നത്.
കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വാദികളിൽനിന്നും വെള്ളമൊഴുകുന്ന സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും മന്ത്രാലയം ട്വിറ്റർ വഴി നിർദേശിച്ചു. ഞായറാഴ്ച രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഫുജൈറയിലും ദിബ്ബയിലും അൽഐനിലെ ചിലയിടങ്ങളിലും രാവിലെ മുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ വിവിധ സ്ഥലങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതിനാൽ വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
ഈ ആറു കാര്യങ്ങൾ ശ്രദ്ധിക്കാം
1. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള കാലാവസ്ഥ ബുള്ളറ്റിനുകൾ
2. വാഹനത്തിന്റെ ലൈറ്റുകളുടെയും വിൻഡ്ഷീൽഡ് വൈപ്പറുകളുടെയും ടയറുകളുടെയും സാധുത.
3.പുറത്തിറങ്ങേണ്ടിവന്നാൽ എപ്പോഴും അമിതവേഗത ഒഴിവാക്കണം.
5. എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ശാന്തമായും ശ്രദ്ധയോടെയും വാഹനമോടിക്കുക.
6.വെള്ളപ്പൊക്ക പ്രദേശങ്ങൾ, താഴ്വരകൾ, നീർത്തടങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.