അബൂദബി: വാര്‍ധക്യത്തില്‍ പരിചരണം ലഭിക്കാത്തതിനെ തുടര്‍ന്ന് 23 വര്‍ഷം മുമ്പ് മക്കളുടെ പേരില്‍ വാങ്ങി നല്കിയ വ്യാപാര ഓഹരികള്‍ അബൂദബി പൗരന് തിരിച്ചെടുത്തു. അഞ്ചുമക്കള്ക്കെതിരെ കോടതിയെ സമീപിച്ചാണ് ഇദ്ദേഹം അനുകൂല വിധി നേടിയെടുത്തത്. 7400 ഓഹരികളാണ് പരാതിക്കാരന് മക്കള്‍ക്കായി വാങ്ങി നല്‍കിയിരുന്നത്.
ഈ ഓഹരിയില്‍നിന്ന് വരുമാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴും അഞ്ചുമക്കളും പ്രായമായ പിതാവിന്റെ കാര്യങ്ങള്‍ നോക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചതും മക്കളുടെ പേരില്‍ നല്കിയ വ്യാപാര ഓഹരികള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതും.
അതേസമയം, പിതാവിന്റെ ആവശ്യം കീഴ്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയുമായിരുന്നു. അഞ്ചുമക്കളുടെയും ഭാര്യയുടെയും പേരിലായിരുന്നു 23 വര്‍ഷം മുമ്പ് ഓഹരികള്‍ വാങ്ങി നല്‍കിയത്. ഭാര്യയില്‍നിന്ന് വിവാഹമോചനം നേടിയ അദ്ദേഹം മറ്റൊരാളെ വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ രണ്ടു മക്കള്‍ ജനിക്കുകയും ചെയ്തു. ജോലിയില്‍നിന്ന് വിരമിച്ചതോടെ വരുമാനം കുറയുകയും കടം വര്‍ധിക്കുകയും ചെയ്തു. ഇതോടെയാണ് തന്നെ മക്കള്‍ നോക്കുന്നില്ലെന്നും ഭാര്യയെയും രണ്ടുമക്കളെയും സംരക്ഷിക്കാന്‍ വരുമാനത്തിനായി പണ്ട് വാങ്ങിനല്‍കിയ ഓഹരികള്‍ തിരികെ നല്‍കണമെന്നും ചൂണ്ടിക്കാണിച്ച് കോടതിയിലെത്തിയത്.
പിതാവ് നല്കിയ സമ്മാനം തിരികെ ചോദിക്കുന്നതിന് ന്യായീകരണമില്ലെന്നും ഇതിനു തെളിവില്ലെന്നുമുള്ള മക്കളുടെ വാദം പരിഗണിച്ചായിരുന്നു കീഴ്കോടതി പിതാവിന്റെ ആവശ്യം നിരസിച്ചത്.
പ്രതിഭാഗത്തിന്റെ കോടതിച്ചെലവും പരാതിക്കാരനെക്കൊണ്ട് കോടതി കൊടുപ്പിച്ചിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയിലെത്തിയതോടെ പരാതിക്കാരന് അനുകൂലമായ വിധിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.