ദുബൈ: എമിറേറ്റിന്റെ വികസനക്കുതിപ്പിന് സഹായിക്കുന്ന ദുബൈ-2040 അർബൻ മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടത്തിന് അനുമതിയായി. ഒന്നാംഘട്ടത്തിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.നഗരകേന്ദ്രങ്ങൾ മെച്ചപ്പെടുത്തൽ, ദുബൈ റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി, അർബൻ ഫാമിങ് പ്ലാൻ, നഗര പൈതൃക സംരക്ഷണ പദ്ധതി, 20 മിനിറ്റ് സിറ്റി പോളിസി വികസിപ്പിക്കൽ, കാൽനടപ്പാതയുടെ നെറ്റ്വർക് മാസ്റ്റർ പ്ലാൻ എന്നിവയുൾപ്പെടെ 10 പദ്ധതികളാണ് രണ്ടാംഘട്ടത്തിൽ ഉൾക്കൊള്ളുന്നത്. 17 പദ്ധതികൾ ഉൾപ്പെട്ട ആദ്യഘട്ടം ചിലത് പൂർത്തിയാവുകയും മറ്റു ചിലത് അവസാന ഘട്ടത്തിലുമാണ്.
2040വരെ ദുബൈയിലെ നഗര അടിസ്ഥാന സൗകര്യ വികസനവും ഭവന നിർമാണ മേഖലയും എങ്ങനെയാകണമെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പരിസ്ഥിതി, കാൽനട സൗഹൃദപരവും കൃഷിയിൽനിന്ന് ഉയർന്ന വിളവ് ലഭിക്കുന്നതുമായ നഗരമാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ഭാവി പദ്ധതികൾക്ക് അംഗീകാരം നൽകിക്കൊണ്ട് പറഞ്ഞു. ദുബൈ നഗരാസൂത്രണത്തിന്റെ സുപ്രീം കമ്മിറ്റി ചെയർമാനായ മത്വാർ അൽ തായർ ശൈഖ് മുഹമ്മദിനു മുന്നിൽ പദ്ധതി വിശദീകരിച്ചു.അർബൻ മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടത്തിൽ നിലവിലുള്ള മൂന്ന് നഗര കേന്ദ്രങ്ങൾക്ക് പുറമെ രണ്ട് പുതിയത് വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്.
2040വരെ ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ ആവശ്യം പരിഗണിച്ച് സമഗ്രമായ പദ്ധതിയും പ്ലാൻ നിർദേശിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉയർന്ന വിളവ് ലഭിക്കുന്ന രീതിയിൽ നഗരകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷിചെയ്യാനും മാസ്റ്റർ പ്ലാൻ പദ്ധതിയിടുന്നുണ്ട്.നഗര പൈതൃക സംരക്ഷണ പദ്ധതിയിലൂടെ ദുബൈയുടെ ആദ്യകാല കെട്ടിടങ്ങളും സ്ഥലങ്ങളും സംരക്ഷിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് നിർദേശിച്ചിട്ടുള്ളത്.കാൽനടയായോ സൈക്കിളിലോ 20 മിനിറ്റ് സമയപരിധിക്കുള്ളിൽ താമസക്കാർക്ക് നഗരത്തിലെ 80ശതമാനം സ്ഥലങ്ങളിലും എത്തിച്ചേരാനുള്ള '20 മിനിറ്റ് സിറ്റി' പദ്ധതിയും മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്.
പൗരന്മാർക്ക് വീടുകൾ ഉറപ്പുവരുത്തുന്ന നാഷനൽ ഹൗസിങ് പോളിസി പദ്ധതി, ഹത്ത വികസന പദ്ധതി, ദുബൈ ഗ്രാമപ്രദേശങ്ങളുടെ വികസന മാസ്റ്റർ പ്ലാൻ തുടങ്ങിയവയാണ് കഴിഞ്ഞ പദ്ധതിക്കാലത്ത് പൂർത്തീകരിച്ചിട്ടുള്ളത്. പൊതു ബീച്ചുകളുടെ വലുപ്പം വർധിപ്പിക്കുന്നതിനും ദുബൈ വെൽബീയിങ് സ്ട്രാറ്റജിയുടെ കരട് വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ ഉൾപ്പെടെ അഞ്ച് പദ്ധതികൾ ഈ വർഷാവസാനത്തോടെ പൂർത്തിയാക്കും. ലോകത്തെ ജീവിക്കാൻപറ്റിയ ഏറ്റവും നല്ല നഗരമാക്കി ദുബൈയെ മാറ്റാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന അർബൻ മാസ്റ്റർ പ്ലാനിന് 2021 മാർച്ചിലാണ് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.