ദുബൈ: സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കോവിഡ് വാക്സിൻ എത്തിക്കാനുള്ള തീവ്രശ്രമം തുടരുന്ന രാജ്യത്ത് ഭിന്നശേഷിക്കാർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ എന്നിവർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. കഴിഞ്ഞ ദിവസം വയോജനങ്ങൾക്ക് വീടുകളിൽ വാക്സിൻ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ അറിയിപ്പ്. ഇത്തരം വിഭാഗത്തിൽപെട്ടവർക്ക് വീടുകളിൽ വാക്സിൻ എത്തിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ടീമുകൾ സജ്ജമാണെന്നും സംഘം താമസക്കാർക്ക് അവരുടെ വീടുകളിൽ വാക്സിൻ നൽകുമെന്നും അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സേഹ) ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഈ വിഭാഗങ്ങളിൽപെടുന്നവർ വാക്സിൻ സ്വീകരിക്കുന്നതിനായി 80050 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെഹയുടെ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ ഡോ. മർവാൻ അൽ കാബി പറഞ്ഞു.വിതരണ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും വീടുകളിൽ വാക്സിൻ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ഞങ്ങളുടെ സന്ദേശം രാജ്യത്തെ മുതിർന്ന പൗരന്മാർക്കുള്ളതാണെന്ന് തുടങ്ങുന്ന കുറപ്പിലാണ് യു.എ.ഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ് അൽ ഹോസ്നി ഇക്കാര്യം വ്യക്തമാക്കിയത്. വയോജനങ്ങൾക്ക് വാക്സിൻ നൽകുന്നതിന് ഉയർന്ന പരിഗണനയാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രങ്ങളിലെത്താൻ കഴിയാത്ത വയോജനങ്ങൾക്ക് അവരുടെ വീടുകളിലെത്തി വാക്സിൻ നൽകും.
നിങ്ങളെ പരിരക്ഷിക്കാൻ ഞങ്ങൾക്ക് അവസരം തരൂ, ഞങ്ങൾ നിങ്ങളുടെ അരികിലെത്തി ആരോഗ്യസ്ഥിതി വിലിയിരുത്തുന്നതിനും വാക്സിൻ നൽകുന്നതിനും നിങ്ങളുടെ വീടുകൾ സന്ദർശിക്കാം - മുതിർന്നവർക്കുള്ള സന്ദേശത്തിൽ ഡോ. ഫരീദ് അൽ ഹോസ്നി വ്യക്തമാക്കി. യു.എ.ഇ ഇതിനകം 1.39 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ താമസക്കാർക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.