അബൂദബി: തലസ്ഥാനത്ത് കർശന മാർഗനിർദേശങ്ങളുമായി അബൂദബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനരാരംഭിച്ചു. വാലറ്റ് പാർക്കിങ് ജീവനക്കാർ ഓരോ വാഹനവും പാർക്ക് ചെയ്ത ശേഷം കൈ കഴുകുകയും ശുചീകരിക്കുകയും വേണം. വാലറ്റ് പാർക്കിങ് ജോലിയിലേർപ്പെടുന്നവർക്ക് കോവിഡ്-19 പരിശോധന നിർബന്ധമാണ്. ജീവനക്കാർ പതിവായി ശരീരോഷ്മാവ് പരിശോധന നടത്തണം. മാസ്കും ൈകയ്യുറകളും ധരിക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമുമ്പ് സീറ്റും സ്റ്റിയറിങ് വീലും മൂടണം.
കാർ സ്വീകരിക്കുന്നതിനുമുമ്പ് സന്ദർശകരുടെ താപനില നിരീക്ഷിക്കണം. സന്ദർശകർക്കോ ഉപഭോക്താക്കൾക്കോ കോവിഡ് രോഗലക്ഷണം ബോധ്യപ്പെട്ടാൽ വാലറ്റ് പാർക്കിങ് സേവനം നൽകാതിരിക്കാനുള്ള അവകാശം ജീവനക്കാർക്കുണ്ട്.ദേശീയ ദുരന്ത നിവാരണ അതോറിറ്റി കോവിഡ് രോഗ വ്യാപനത്തെ തുടർന്നുള്ള സുരക്ഷ നടപടികളുടെ ഭാഗമായി ഈ സേവനം താൽക്കാലികമായി അബൂദബിയിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സന്ദർശകർക്കും ഉപയോക്താക്കൾക്കുമാണ് വീണ്ടും വാലറ്റ് പാർക്കിങ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത്.
പുതിയ സർക്കുലർ അനുസരിച്ച് സ്ഥാപന ഉടമകളും മാനേജർമാരും കോവിഡ് രോഗ വ്യാപനം തടയുന്നതിന് പ്രതിരോധ നടപടി കർശനമായി പാലിക്കേണ്ടതുണ്ട്. സന്ദർശന സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കുകയും പൊതുസ്ഥലങ്ങളിൽ വാലറ്റ് പാർക്കിങ്ങിനു പണമടക്കാനുള്ള ഇലക്ട്രോണിക് പേമെൻറ് സൗകര്യം സജ്ജമാക്കുകയും വേണം. സാധ്യമാകുമ്പോഴെല്ലാം ഇലക്ട്രോണിക് പേമെൻറ് രീതികൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനും പ്രത്യേകം നിർദേശിച്ചു. വാലറ്റ് പാർക്കിങ് ജീവനക്കാരും ഉപയോക്താക്കളും രണ്ട് മീറ്റർ അകലം പാലിക്കണം. സാമൂഹിക അകലം ഓർമപ്പെടുത്തുന്ന അടയാളങ്ങൾ പ്രധാന മേഖലകളിലും സൗകര്യങ്ങളിലും സ്ഥാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.